കണ്ണൂർ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികളിൽ നിന്നും രക്ഷനേടാനും 1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തിയ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടക്കാടത്തോട് കാട്ടുപാലം ബെന്നി തോമസാണ് പിടിയിലായത്.
ലോട്ടറി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചത്. ഇന്ന് രാവിലെ പൊലീസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയും വിൽക്കാൻ ബാക്കിയുള്ള കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ, 2025 മാർച്ചിൽ കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ പൊലീസ് അന്വേഷണം നടത്തിയിരുന്നെന്നും തടസ്സമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുന്നോട്ടുപോയതെന്നും ബെന്നി പറയുന്നു. ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്.
രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പന തീരാത്തതിനാല്‍ 80 ശതമാനം വില്‍പന പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് അറസ്റ്റ്.
സൗദി റിയാദില്‍ 35 വര്‍ഷം ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് ബെന്നി വീടും സ്ഥലവും വാങ്ങിയത്. 2016ല്‍ റിയാദില്‍ സ്വന്തമായി സ്‌പെയര്‍പാര്‍ട്‌സ് കട തുടങ്ങി. ഒപ്പം നാട്ടില്‍ കുറച്ചു കൃഷിയും ആരംഭിച്ചു. ഇതിനെല്ലാമായി 55 ലക്ഷം രൂപ വായ്പയെടുത്തു.
എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ വന്നതോടെ വായ്പ തിരിച്ചടവു മുടങ്ങി. ലോക്ഡൗണ്‍ മാറിയപ്പോള്‍ സൗദിയിലെ സ്‌പോണ്‍സര്‍ മരിച്ചു. പകരം മകന്‍ സ്‌പോണ്‍സറായി വന്നു. ഒരുവിധം കാര്യങ്ങള്‍ നേരെയായി വരുന്നതിനിടെ സ്‌പോണ്‍സറെ കാണാതെയായി. ഇയാളെ കണ്ടെത്താനും വിസ പുതുക്കാനും സാധിക്കാതെ വന്നതോടെ കട പൂട്ടി. ഇതിനിടയിലാണു ഭാര്യക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. ചികിത്സക്കായി കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. കടം 85 ലക്ഷത്തിലധികമായി. ഭാര്യയുടെ ചികിത്സക്കായി 21 ദിവസം കൂടുമ്പോള്‍ 2.75 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതോടെയാണ് പണംകണ്ടെത്താൻ പുതിയ മാർഗവുമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.