വിദ്യാർഥി പരാതി പരിഹാര സെല്ലിന് വിപുല അധികാരം; പ്രവേശനം മുതൽ പീഡന പരാതികളിൽ വരെ ഇടപെടാം

തിരുവനന്തപുരം: സർവകലാശാല/കോളജ് പ്രവേശനത്തിൽ മെറിറ്റ് പാലിക്കാത്തത് ഉൾപ്പെടെ വിഷയങ്ങൾ പുതുതായി രൂപവത്കരിക്കുന്ന വിദ്യാർഥി പരാതി പരിഹാര സെല്ലിന്‍റെ മുന്നിൽ പരാതിയായി നൽകാം. സർട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവെക്കുന്നതും നിഷേധിക്കുന്നതും, കോളജ് നൽകുന്ന സേവനങ്ങൾക്ക് അധികഫീസ് ഈടാക്കൽ, അടിസ്ഥാനസൗകര്യ കുറവ്, പരീക്ഷ സംബന്ധമായ പരാതികൾ, ജാതി/ലിംഗ/സാമൂഹ്യ/മത/ഭിന്നശേഷിപരമായ വേർതിരിവുണ്ടാക്കൽ, അധികാരികൾ/അധ്യാപകർ/സഹവിദ്യാർഥികൾ/ ജീവനക്കാരിൽ നിന്നുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തിൽ നിലവിലുള്ള സംവിധാനങ്ങളിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് ഈ സെല്ലിൽ പരാതി നൽകാം.

സർവകലാശാല നിയമങ്ങൾ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണന വിഷയമായിരിക്കും. കോളജ്തല സമിതി തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ സർവകലാശാല അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം.

ഈ സമിതിയുടെ ഘടന: പ്രോ-വൈസ്ചാൻസലർ (ചെയർപേഴ്സൺ), വിദ്യാർഥിവിഭാഗം ഡീൻ/ഡയറക്ടർ (കൺവീനർ), സിൻഡിക്കേറ്റ് പ്രതിനിധി, സിൻഡിക്കേറ്റിലെ വിദ്യാർഥി പ്രതിനിധി, സർവകലാശാല യൂനിയൻ ചെയർപേഴ്സൺ, സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന മൂന്ന് അധ്യാപകർ (ഇതിൽ ഒരു വനിതയും എസ്‌.സി-എസ്‌.ടി വിഭാഗത്തിൽനിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഒരു സർവകലാശാല ഉദ്യോഗസ്ഥൻ. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പരാതിയുടെ ഗൗരവമനുസരിച്ച് അഫിലിയേഷൻ റദ്ദാക്കൽ, പിഴയീടാക്കൽ, കോഴ്‌സുകൾ നടത്തുന്നതിൽ നിന്ന് വിലക്കൽ, സർക്കാർ ധനസഹായം പിൻവലിക്കൽ തുടങ്ങിയ നടപടികളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സൈക്കോളജിസ്റ്റുകൾ വേണം; കൗൺസലിങ് അവകാശമാക്കും

തിരുവനന്തപുരം: മുഴുവൻ കോളജുകളിലും പ്രഫഷനൽ സൈക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാക്കുമെന്നും സർക്കാർ ഉടൻ പുറത്തിറക്കുന്ന ‘വിദ്യാർഥികളുടെ അവകാശ രേഖ’യിൽ ഇത് ഉൾപ്പെടുത്തുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. രേഖ സർവകലാശാല നിയമത്തിന്‍റെ ഭാഗമാക്കുമെന്നും ഇതിനായി ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് പേരിനുമാത്രമാകുന്നത് മാറണം. പെണ്‍കുട്ടികള്‍, എസ്‌.സി-എസ്‌.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കും. ഇന്റേണല്‍ മാര്‍ക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പുവരുത്താന്‍ സർവകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കൃത്യവിലോപം വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. .

Tags:    
News Summary - Expanded powers of Student Grievance Redressal Cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.