മകനെ യൂത്ത് കോൺഗ്രസ് വക്താവാക്കാൻ ഇടപെട്ടില്ല; വിവാദത്തിൽ തന്നെ കൂടി ബന്ധപ്പെടുത്താൻ ശ്രമമെന്ന് തിരുവഞ്ചൂർ

കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകൻ അർജുനെ ഒഴിവാക്കിയത് സംഘടനയിലെ ആഭ്യന്തര കാര്യമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയമാണ്. മകൻ കൂടി ഉൾപ്പെട്ട വിഷയമായതിനാൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വിവാദമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കും. മകന്‍റെ നിയമനത്തിൽ ഇടപ്പെട്ടിട്ടില്ല. യൂത്ത് കോൺഗ്രസിന് അവരുടേതായ നിഗമനങ്ങൾ ഉണ്ടാകും. താനൊരു സാധുവാണെന്നും തന്നെ ആരും ലക്ഷ്യം വെക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. താനും അർജുനും തമ്മിൽ അച്ഛൻ-മകൻ ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ഒരുമിച്ച് പോകണമെന്ന് പറയുന്നതിൽ എന്ത് നിലപാട് വ്യത്യാസമാണുള്ളത്. അത് എല്ലാവരുടെയും പൊതു ആവശ്യമാണ്. ഈ നിലപാടിൽ നിന്ന് മാറിയിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അർജുൻ രാധാകൃഷ്ണൻ അടക്കം 72 പേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് തീരുമാനം കടുത്ത എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. അർജുൻ അടക്കം അഞ്ചു മലയാളികൾ പട്ടികയിൽ ഉണ്ടായിരുന്നത്.

വക്താക്കളുടെ പട്ടികയിൽ ചില ആശയകുഴപ്പം ഉള്ളതിനാൽ നിയമനം മരവിപ്പിച്ചെന്നും കേരളത്തിലെ വക്താക്കളുടെ പേരുകളിൽ പ്രശ്നമില്ലെന്നും ദേശീയ അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് തെരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നുവെന്നും അർജുൻ പറഞ്ഞു. 

Tags:    
News Summary - Exclusion of Arjun is an internal issue of the Youth Congress - Thiruvanchoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.