സ്‌കൂൾ പരിസരത്ത് ലഹരി വിറ്റാൽ കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് എക്സൈസ് വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉൽപന്നങ്ങൾ വിറ്റാല്‍ കടകളുടെ ലൈസൻസ് റദ്ദാക്കും.

ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത് നൽകും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് സ്കൂൾ കുട്ടികളെയാണ്.

സ്‌കൂളുകൾ തുറക്കും മുമ്പ് എല്ലാ പ്രധാനാധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദേശവും നൽകും. പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് പൊലീസും കർശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ പോകുന്നത്.

Tags:    
News Summary - Excise Department warns that businesses will be closed if drugs are sold on school premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.