മൂലമറ്റം: പ്രതീക്ഷിച്ചതിനേക്കാൾ അധികജലം ഡാമുകളിൽ എത്തിയതോടെ പരമാവധി വൈദ്യുതി ഉൽപാദിപ്പിച്ച് ലാഭം നേടുകയാണ് വൈദ്യുതി ബോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം അധികജലമാണ് ഇപ്പോൾ വൈദ്യുതി വകുപ്പിന്റെ ഡാമുകളിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ അവശേഷിച്ചിരുന്നത് 27 ശതമാനം ജലമായിരുന്നു. എന്നാൽ, ഇപ്പോൾ 43 ശതമാനമാണ് ജൂൺ ആദ്യവാരം തന്നെ ഡാമുകളിലുള്ളത്.
ഇത്രയും ജലം ഉപയോഗിച്ച് 1763.75 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. മഴക്കാലത്തിന്റെ പ്രാരംഭത്തിൽ ഇത്രയും ജലം ഡാമുകളിൽ സൂക്ഷിക്കുന്നതും നന്നല്ല. വരുംനാളുകളിൽ മഴ കനത്താൽ ഡാമുകൾ പെട്ടെന്ന് നിറയുന്ന സ്ഥിതിവിശേഷം ഉണ്ടാകും. അതുകൂടി മുന്നിൽകണ്ടാണ് ഉൽപാദനം പരമാവധിയിലാക്കിയിട്ടുള്ളത്.
ഇന്നലെ സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 84.63 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 42.966 ദശലക്ഷം യൂനിറ്റും ആഭ്യന്തരമായി ഉൽപാദിപ്പിക്കുകയാണ് ചെയ്തത്. സാധാരണ സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനത്തിൽ താഴെ മാത്രമാണ് ആഭ്യന്തര ഉൽപാദനം. മിച്ചമുള്ളത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വില നൽകി വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി 50 ശതമാനത്തിന് മുകളിലാണ് ആഭ്യന്തര ഉൽപാദനം. അധികമുള്ള വൈദ്യുതി കയറ്റിവിടുകയാണ് ചെയ്യുന്നത്. വൈദ്യുതി മാർക്കറ്റിൽ നിരക്ക് കുറഞ്ഞുനിൽക്കുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.