കണ്ണൂർ സർവകലാശാലയിൽ പുതിയ 'പരീക്ഷ'ണം: ചോദ്യപേപ്പർ ഇ മെയിലായി നൽകും; ചോദ്യം ചോരുമെന്ന് അധ്യാപക സംഘടന

കണ്ണൂർ: പരീക്ഷ നടത്തിപ്പിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി കണ്ണൂർ സർവകലാശാല. ഈമാസം 12ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷ മുതൽ ചോദ്യപേപ്പർ ഇ മെയിലായി നൽകുമെന്ന് സർവകലാശാല അറിയിച്ചു.

കോളജിന്റെയോ പ്രിൻസിപ്പലിന്റെയോ ഔദ്യോഗിക ഇ മെയിലിലേക്ക് പരീക്ഷയ്ക്ക് ഒരു ദിവസം മുൻപാണ് ചോദ്യ പേപ്പർ അയച്ച് നൽകുക. ഇത് പരീക്ഷ തുടങ്ങുന്നതിന് 90 മിനിട്ട് മുൻപ് പാസ്‌വേഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യണം. കോളജ് പ്രിൻസിപ്പൽമാർക്കാണ് പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം. പി.ജി, യു.ജി, ബിഎഡ് പരീക്ഷകൾക്കുള്ള ചോദ്യ പേപ്പറാണ് ഇമെയിലിൽ നൽകുക.

അതേസമയം, സർവകലാശാലയുടെ പുതിയ തീരുമാനം പരീക്ഷകൾ അട്ടിമറിക്കാനാണെന്ന് കെ.പി.സി.ടി.എ ആരോപിച്ചു. ചോദ്യ പേപ്പർ 90 മിനിട്ട് മുൻപു പ്രിൻസിപ്പലിന് കാണാൻ കഴിയുമെന്നതും പ്രിന്റെടുക്കുന്നവരുടെ ഭാഗത്തു നിന്നടക്കം ചോദ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. ഇന്റർനെറ്റ് കണക്ഷനിൽ തടസ്സം നേരിട്ടാൽ പരീക്ഷ നടത്തിപ്പ് താറുമാറാക്കുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ രീതിയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. 90 മിനിട്ട് മുമ്പ് പ്രിൻസിപ്പൽമാർക്ക് തുറക്കാമെന്നാണ് സർവകലാശാല ഉത്തരവിലെങ്കിലും ചോദ്യങ്ങളുടെ ദൈർഘ്യവും പ്രിന്റ് എടുക്കുന്നതിന്റെ എണ്ണവും പരിഗണിച്ച് സമയം ക്രമീകരിക്കും.

ഈമാസം 12ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷയ്ക്കും 17ന് തുടങ്ങുന്ന നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾക്കും ഇ മെയിലായാണ് ചോദ്യ പേപ്പർ നൽകുക.

Tags:    
News Summary - Exam question papers will be given by e-mail at Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.