മുന്നാക്ക സംവരണം: കേരളത്തിൽ ഉമ്മൻ ചാണ്ടി തുടങ്ങി, പിണറായി പൂർത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക സംവരണത്തിന് തുടക്കമിട്ടത് ഉമ്മൻ ചാണ്ടി സർക്കാറും സമ്പൂർണമായി നടപ്പാക്കിയത് ഒന്നാം പിണറായി സർക്കാറും. പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ സർവിസിലെ പ്രാതിനിധ്യക്കുറവ് വെളിപ്പെടുത്തിയ നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ പാക്കേജിൽ പിന്നാക്ക വിഭാഗങ്ങളുടെ കടംകൊടുക്കൽ അവസാനിപ്പിക്കാൻ വ്യവസ്ഥ ചെയ്തു.

അതു മുന്നാക്ക വിഭാഗത്തെ ഒരുനിലക്കും ബാധിക്കുന്നതായിരുന്നില്ലെങ്കിലും സർക്കാർ കോളജുകളിൽ അവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചു. റിപ്പോർട്ടിൽ കണ്ടെത്തിയ പിന്നാക്ക പ്രാതിനിധ്യക്കുറവ് നികത്താൻ തയാറായതുമില്ല. കേന്ദ്രം കൊണ്ടുവന്ന 103ാം ഭരണഘടനാഭേദഗതിക്ക് പിന്നാലെ ഒന്നാം പിണറായി സർക്കാർ എല്ലാ മേഖലയിലേക്കും മുന്നാക്ക സംവരണം വ്യാപിപ്പിച്ചു.

കേന്ദ്രം നിർദേശിച്ച വ്യവസ്ഥകൾ സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനത്തിനും നടപ്പാക്കി. സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം ശരിവെച്ചപ്പോൾ നേരത്തേ നടപ്പാക്കിയ കേരളത്തിൽ പ്രത്യേകിച്ച് പ്രതിസന്ധിയൊന്നുമുണ്ടായില്ല.

പി.എസ്.സി റാങ്ക് പട്ടികയിൽ ഏതെങ്കിലും പിന്നാക്ക വിഭാഗങ്ങൾ ഇല്ലാതെവന്നാൽ തൊട്ടടുത്ത മറ്റൊരു പിന്നാക്ക സമുദായ വിദ്യാർഥിക്ക് അതു കടംനൽകുകയും അടുത്ത റാങ്ക് ലിസ്റ്റ് വരുമ്പോൾ കടം തിരിച്ചുകൊടുക്കുകയും ചെയ്യുന്ന സംവിധാനം വർഷങ്ങളായി അനുവർത്തിച്ചിരുന്നു. നരേന്ദ്രൻ പാക്കേജിന്‍റെ മറവിലാണ് കടംകൊടുപ്പ് റദ്ദാക്കിയത്.

ഇടത് സർക്കാർ സാമ്പത്തിക സംവരണം പ്രകടനപത്രികയിൽതന്നെ ഉൾപ്പെടുത്തി. കേന്ദ്ര സർക്കാർ തീരുമാനത്തോടെ അതു നടപ്പാക്കാൻ തയാറാവുകയും ചെയ്തു. കെ.എ.എസിലെ സംവരണ തട്ടിപ്പ് പുറത്തുവന്നതോടെ രണ്ട്, മൂന്ന് സ്ട്രീമുകൾക്ക് കൂടി സംവരണം ബാധകമാക്കാൻ സർക്കാർ നിർബന്ധിതമായി. ഈ ഘട്ടത്തിലാണ് മുന്നാക്ക സംവരണവും നടപ്പാക്കാൻ തീരുമാനിച്ചത്. പിന്നാലെ പി.എസ്.സി നിയമനങ്ങളിൽ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കുകയും ഇതിനായി ടേണുകൾ നിശ്ചയിച്ച് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുകയും ചെയ്തു.

2020 ഒക്ടോബർ 23ന് നിലവിലുള്ളതും അതിനുശേഷം വരുന്നതുമായ ലിസ്റ്റുകൾക്കാണ് ഇതു ബാധകമാക്കിയത്. ഇതോടെ ഓപൺ ക്വോട്ട 50ൽനിന്ന് 40 ശതമാനമായി കുറഞ്ഞു. ആദ്യം മെഡിക്കൽ-എൻജിനീയറിങ് പ്രശേനത്തിൽ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കി. പിന്നാലെ പ്ലസ് ടു ഉൾപ്പെടെ എല്ലാ കോഴ്സുകൾക്കും ബാധകമാക്കി. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ നേതാക്കളും മുന്നാക്ക സംവരണം സുപ്രീംകോടതി ശരിവെച്ചതിനെ സ്വാഗതം ചെയ്തു. പ്രധാന പാർട്ടികളിൽ മുസ്ലിം ലീഗ് മാത്രമാണ് വിയോജിച്ചത്.

, വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശക്തമായ നിലപാട് കൈക്കൊണ്ടു. വിധിയിൽ പുനഃപരിശോധന ഹരജി നൽകാനൊരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. കേസ് സുപ്രീംകോടതിയിൽ വാദിച്ച അഡ്വ. മോഹൻ ഗോപാലും പുനഃപരിശോധന ഹരജി നൽകുമെന്ന് വ്യക്തമാക്കി. പുനഃപരിശോധന ഹരജി നൽകുമെന്നും വിജയിക്കുമെന്നും പ്രതീക്ഷിച്ചല്ല, ഭൂരിപക്ഷ വിധിയിലെ അപാകത പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ഓൾ ഇന്ത്യ ബാക്ക്വേഡ് ക്ലാസസ് ഫെഡറേഷൻ പ്രസിഡന്‍റ് വി.ആർ. ജോഷി വ്യക്തമാക്കി.

Tags:    
News Summary - EWS reservation in Kerala: Started by Oommen Chandy completed by Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.