കുമ്പിടി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും, അസ്സൽ മായാവി തന്നെയാണ് പി.കെ.ഫിറോസ്, തെളിവുകൾ വിജിലൻസിന് കൈമാറും -കെ.ടി. ജലീൽ

തിരുവനന്തപുരം: മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.​കെ. ഫിറോസിനെതിരായ തെളിവുകൾ വിജിലൻസിന്​ കൈമാറുമെന്ന്​ കെ.ടി. ജലീൽ എം.എൽ.എ. ഫിറോസിനെതിരെ ഉന്നയിച്ച കാര്യങ്ങളൊന്നും അദ്ദേഹം നിഷേധിച്ചിട്ടി​ല്ലെന്ന്​ ജലീൽ പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടിയുമായി ഫിറോസ്​ കോഴി​ക്കോട്​ വാർത്തസമ്മേളനം നടത്തിയതിന്​ പിന്നാലെയാണ്​ കൂടുതൽ വിമർശനുമായി ജലീൽ തലസ്ഥാനത്ത്​ വാർത്തസമ്മേളനത്തിനെത്തിയത്​.

ഫിറോസിനെതിരെ ലഭ്യമായ തെളിവുകൾ വിജിലൻസിന്​ കൈമാറും. അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ ഫിറോസ് ഗൾഫിലെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്ന്​ വ്യക്​തമാക്കണം. താൻ ഉയർത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. എത്ര കയറ്റുമതികൾ സെയിൽസ് മാനേജർ എന്ന നിലയിൽ ഫിറോസ് നടത്തുന്നുണ്ടെന്ന്​ പറയാൻ ബാധ്യസ്ഥനാണ്​. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇ വിസ ഫി​റോസ്​ കുറച്ചുകാലത്തേക്ക് വേണ്ടെന്ന് വെച്ചു. ഇടവേളക്ക്​ ശേഷം വിസ വീണ്ടും പുതുക്കി. ദുബൈയിൽ എവിടെയാണ് കമ്പനിയുടെ ഓഫിസ് പ്രവർത്തിക്കുന്നതെന്ന്​ ആർക്കും അറിയില്ല. കമ്പനിയുടെ ഒരു ബോർഡ്​ പോലും ആരും കണ്ടിട്ടില്ല. യു.എ.ഇയിലെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ ഫിറോസ് പുറത്തുവിടണമെന്നും ജലീൽ പറഞ്ഞു. 

'കേരളത്തിൽ യൂത്ത് ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിക്കുന്ന ഇദ്ദേഹം ഒരു മായാവി തന്നെയാണ്. കുമ്പിടി എന്ന് പറഞ്ഞാൽ പോരാ.., അത് കുറച്ച് താഴ്ന്ന് പോകും. കേരള രാഷ്ട്രീയത്തിലെ സാക്ഷാൽ മായാവി തന്നെയാണ് പി.കെ.ഫിറോസ്. ഇത്രവലിയ ഉത്തരവാദിത്തങ്ങളൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ'- ജലീൽ പരിഹസിച്ചു 

യൂത്ത്​ ലീഗ്​ പല ഘട്ടങ്ങളിൽ പിരിച്ച പണം കൗശല ബുദ്ധികൊണ്ട്​ മുക്കിയിട്ടുണ്ട്​. ​ധോത്തി ചലഞ്ചടക്കം തട്ടിപ്പായിരുന്നു. എത്ര രൂപക്ക്​ ധോത്തി വാങ്ങി എന്ന് കമ്പനിയിൽ നിന്നുള്ള ബില്ല്​ പുറത്തുവിടണം. മുസ്​ലിം ലീഗിൽ കള്ളപ്പണം ഹലാലാണ്​. ലീഗിന്‍റെ പല നേതാക്കളും തട്ടിപ്പുകേസുകളിൽ ജയിലിലാണ്​. ലീഗ്​ നേതാക്കളിൽ പലർക്കും ഇ.ഡി പിഴ ചുമത്തിയിട്ടുണ്ട്​. എ.ആർ നഗർ ബാങ്ക്​ വിഷയത്തിൽ കോടികൾ പിഴയായി നൽകിയിരുന്നു. താൻ ഇടതുപക്ഷത്തിന്‍റെ ഭാഗമായല്ല, യൂത്ത്​ ലീഗ്​ മുൻ ജനറൽ സെ​​ക്രട്ടറി എന്ന നിലയിലാണ്​ വാർത്തസ​മ്മേളനം നടത്തുന്നത്​. പൊതുപ്രവർത്തകർ ബിസിനസ്​ നടത്തുന്നതിന്​ താൻ എതിരല്ല. എന്നാൽ അവരുടെ ​​​​​പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം -ജലീൽ പറഞ്ഞു. 

Tags:    
News Summary - Evidence against PK Firos will be handed over to Vigilance - Jalil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.