ഒടുവിൽ പൊലീസ് സമ്മതിച്ചു; യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വീഴ്ച

കണ്ണൂർ: ലോക്ഡൗൺ ലംഘിച്ചതിനു കണ്ണൂർ മുൻ എസ്.പി യതീഷ് ചന്ദ്ര നാട്ടുകാരെ ഏത്തമിടീച്ചത് തെറ്റായെന്നും ജില്ല പൊലീസ് മേധാവിയുടെ വീഴ്ച പൊറുക്കണമെന്നും പൊലീസ് റിപ്പോർട്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസ് രജിസ്റ്റർ ചെയ്ത മനുഷ്യാവകാശ കമീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസി​ന്‍റെ വീഴ്ച കണ്ണൂർ റേഞ്ച് ഡി.ഐ.ജി സമ്മതിച്ചത്. ലോക്ഡൗൺ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപന വർധന സാധ്യതയുള്ളതിനാൽ, സദുദ്ദേശ്യത്തോടെ ചെയ്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടിയാണ് ഡി.ഐ.ജി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 2020 മാർച്ച് 22ന് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്നത്തെ കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര വളപട്ടണത്തെ തയ്യൽക്കടക്കുസമീപം നിന്നവരെ ഏത്തമിടീച്ചത്. കൂട്ടംകൂടി നിന്നവരിൽ പിരിഞ്ഞുപോകാതിരുന്ന മൂന്നു പേരെയാണ് ഏത്തമിടീച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അധികം വൈകാതെ യതീഷ് ചന്ദ്ര സ്ഥലംമാറിപ്പോയി. നിയമലംഘനം കണ്ടെത്തി പൊലീസ് ആക്ടിൽ നിഷ്കർഷിക്കുന്നതനുസരിച്ച് നിയമാനുസൃതം നടപടി സ്വീകരിച്ചാൽ മതിയെന്നും നിയമം നടപ്പാക്കാൻ രാജ്യത്ത് കോടതികളുണ്ടെന്നും പൊലീസിനോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അറിയിച്ചു.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പൊലീസ് സ്തുത്യർഹ സേവനം നടത്തിയെന്ന കാര്യത്തിൽ തർക്കമില്ലെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറയുന്നു. എന്നാൽ, നിയമ ലംഘകർക്കെതിരെ അക്രമം അഴിച്ചുവിടുന്നതും സ്വയം നിയമം നടപ്പാക്കുന്നതും അനുവദിക്കാൻ കഴിയില്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. 

Tags:    
News Summary - Eventually the police agreed; Yatheesh Chandra hit by fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.