തെരഞ്ഞെടുപ്പ് ദിവസം കാര്യങ്ങൾ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാൻ -ഇ.പി. ജയരാജൻ

കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവജേക്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ. തന്നെ കരുവാക്കി ഗൂഢാലോചനക്കാർ ലക്ഷ്യം വെച്ചത് പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. മുഖ്യമന്ത്രിയുടെ ശിവൻ, പാപി പരാമർശങ്ങൾ സമൂഹം അംഗീകരിക്കേണ്ട പൊതുധർമമാണെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പ് ദിവസം ചില മാധ്യമങ്ങൾ മറ്റൊരു വിഷയം കണ്ടെത്തിയേനെ. എന്തുകൊണ്ട് ആരോപണം നിഷേധിക്കുന്നില്ല എന്ന് വോട്ടെടുപ്പിന്‍റെ തലേദിവസം നടന്ന മാധ്യമ ചർച്ചകളിൽ ഉയർന്നുകേട്ടിരുന്നു. ഒരു വിഷയം കിട്ടിയില്ലെങ്കിൽ മറ്റൊരു വിഷയം മാധ്യമങ്ങൾ ഉയർത്തി കൊണ്ടു വന്നേനെ. ഇതിന് പിന്നിൽ ഒരു വിഭാഗം മാധ്യമങ്ങൾക്ക് പ്ലാനിങ് ഉണ്ടായിരുന്നു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നടന്നത്. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. അതിലെ ഒരു ഭാഗമാണ് താൻ. ഒരേ വിഷയം ഒരേ സമയത്ത് ഒരേ പ്ലാനിൽ ചർച്ച നടത്തിയതിന് പിന്നിൽ മാധ്യമ ഗൂഢാലോചനയുണ്ട്. മാധ്യമ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം നടക്കാൻ സാധ്യതയുണ്ടെന്ന് തന്നോട് പറഞ്ഞതെന്നും ഇ.പി. ജയരാജൻ ചാനലിന് നൽകിയ ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

കെ. സുധാകരൻ ബി.ജെ.പിയിൽ പോകാൻ ശ്രമിച്ചിരുന്നതാണെന്ന ആരോപണം തെരഞ്ഞെടുപ്പ് തലേദിവസം താൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടന്നത്. അതിന് മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് ചെയ്തത്.

2023 മാർച്ച് അഞ്ചിനാണ് തിരുവനന്തപുരത്ത് വച്ച കൊച്ചുമകന്‍റെ ജന്മദിനാഘോഷം നടന്നത്. താൻ അവിടെയുണ്ടോ എന്ന കാര്യം മകനോടാണ് ചോദിക്കുന്നത്. 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പ്രകാശ് ജാവദേക്കറും ദല്ലാൾ നന്ദകുമാറും വരുന്നത്. പോയ വഴിക്ക് പരിചയപ്പെടാൻ വേണ്ടി വന്നതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. മറ്റൊരു പരിപാടിക്ക് പോവുകയാണെന്ന് പറഞ്ഞ് ഉടൻ തന്നെ താൻ പുറപ്പെട്ടെന്നും നിന്നു കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും ജയരാജൻ വ്യക്തമാക്കി.

പല രാഷ്ട്രീയ നേതാക്കൾ തന്നെ കാണാൻ വരുന്നുണ്ട്. അപ്പോൾ ഇറങ്ങിപ്പോകാനാണോ അവരോട് പറ‍യേണ്ടത്. അത്തരം സംസ്കാരം താൻ പഠിച്ചിട്ടില്ല. ശത്രുക്കളായ രാഷ്ട്രീയക്കാരാണെങ്കിലും തന്‍റെ പാർട്ടിയുടെ അന്തസും മാന്യതയും കളഞ്ഞുകുളിക്കാറില്ല. തന്നേപോലുള്ള ഒരാൾ ബി.ജെ.പിയിൽ പോകുമെന്ന് വാർത്ത കൊടുക്കാൻ എങ്ങനെയാണ് മാധ്യമങ്ങൾ ധൈര്യം കിട്ടിയതെന്നും ഇ.പി. ജയരാജൻ ചോദിച്ചു. 

Tags:    
News Summary - EP Jayarajan react to meeting with BJP Leader Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.