ജീവിതാവസാനം വരെ കഴിയാൻ പെൻഷൻ ഉണ്ട്; എല്ലാം മതിയാക്കിയാലോയെന്ന ആലോചനയിലെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: തനിക്കെതിരെ പാർട്ടിയിൽ ചർച്ചകൾ നടന്നതിന് പിറകിലെ കാര്യങ്ങൾ അറിയാമെന്നും പാർട്ടിക്ക് ദോഷമാവുമെന്നതിനാലാണ് ഒന്നും പറയാത്തതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒട്ടനവധി കാര്യങ്ങൾ തനിക്കറിയാം. അതൊന്നും വെളിപ്പെടുത്താത്തത് തന്റെ പാർട്ടിക്ക് ദോഷമുണ്ടാക്കരുത് എന്നുള്ളതിനാലാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കാരണം പ്രവർത്തിക്കാനുള്ള ഊർജം നഷ്ടപ്പെട്ട അവസ്ഥയിലാണ് താനെന്നും അദ്ദേഹം പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാനസികമായി വലിയ പ്രയാസമുണ്ടായി. ഈയവസ്ഥയിൽ വഹിക്കുന്ന പദവികളോട് നീതി പുലർത്താനാവുന്നുണ്ടോയെന്ന് സംശയമുണ്ട്. എല്ലാം മതിയാക്കിയാലോയെന്ന ആലോചനയിലാണ്. ജീവിതാവസാനം വരെ കഴിയാൻ പെൻഷൻ ലഭിക്കുന്നുണ്ട്. അതും വാങ്ങി സ്വന്തം കാര്യങ്ങൾ നോക്കി നാട്ടിൽ സുഖമായി ജീവിക്കാം. പഴയതുപോലെ ഊർജസ്വലമായി പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സമൂഹത്തിൽ ഇടപെടുന്നില്ലെങ്കിൽ പിന്നെ ആക്ഷേപങ്ങൾ ഉയരുകയില്ലല്ലോ. ജനങ്ങൾക്കിടയിൽനിന്ന് അവരുടെ അംഗീകാരം വാങ്ങുന്നതാണല്ലോ പ്രശ്നമാവുന്നത്.

നാട്ടിൽ വികസനം വരണമെന്ന ലക്ഷ്യത്തോടെ ഒട്ടേറെ സംരംഭങ്ങൾക്ക് മുൻകൈയെടുത്തിട്ടുണ്ട്. അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ഇത്തരം കഴിവുകളെ അസൂയയോടെ കാണുന്ന മനോഭാവമുള്ളവർ ഇവിടെയുണ്ട്. അതിന്റെ പേരിലെല്ലാം തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നതെന്നും അതിനാൽ, ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - E.P. Jayarajan is thinking about whether everything will be enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.