കുടുംബശ്രീയിലൂടെ നെയ്തെടുത്ത സംരംഭങ്ങളുടെ വിജയഗാഥയുമായി സംരംഭക സരസ്

കൊച്ചി: കുടുംബശ്രീയുടെ തണലിൽ നെയ്തെടുത്ത സ്വപ്നങ്ങളുടെ കഥ പങ്കുവച്ചുകൊണ്ടാണ് ഒരു കൂട്ടം വനിതകൾ സരസിന്റെ വേദിയിൽ എത്തിയത്. ജീവിത സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പട വെട്ടി നേടിയ വിജയത്തിന്റെ കഥ, നിറഞ്ഞ സദസ് കൈയടിയോടെ ഏറ്റെടുത്തു. സംരംഭകരായ എം.ആർ. സ്മിത, റസീന, മല്ലിക ഹരിദാസ്, രമണി ചക്രപാണി, രാധാ ശിവദാസ്, അമൃത ജോസഫ് മാത്യു എന്നിവരാണ് സരസിന്റെ വേദിയിൽ സംഘടിപ്പിച്ച സംരംഭക സരസിൽ അനുഭവങ്ങൾ പങ്കുവെക്കാൻ എത്തിയത്.

കുടുംബശ്രീ സൂക്ഷ്മ സംരംഭക വികസനം, മാർക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളുടെ സംസ്ഥാന പ്രോഗ്രാം ഓഫീസറായ എ.എസ് ശ്രീകാന്ത് പരിപാടിയിൽ മോഡറേറ്ററായി. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ - ഓഡിനേറ്റർ അമ്പിളി തങ്കപ്പൻ സ്വാഗതം പറഞ്ഞു.

കുടുംബശ്രീയുടെ കേരളശ്രീ എംപ്ലോയ്മെന്റ് സെന്ററിലൂടെ വനിതകൾക്ക് തൊഴിൽ കൊടുക്കാൻ ആരംഭിച്ച സ്മിത ഇന്ന് കാന്റീൻ, പാർക്കിങ്, റെയിൽവേ, ഫോട്ടോസ്റ്റാറ്റ്, എന്നിങ്ങനെ നിരവധി സേവന മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ അനുഷ്ഠിക്കുകയും നിരവധി വനിതകളെ സ്വയം പ്രാപ്തിയിലേക്ക് നയിക്കുകയുമാണ്. ഒരു സംരംഭം എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടു പോകാം, പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം തുടങ്ങിയ വിവരങ്ങൾ സ്മിത സദസുമായി പങ്കുവെച്ചു. 20 വർഷത്തിലേറെയായി നിരവധി സ്ത്രീകൾക്ക് കരുത്ത് പകർന്ന് സംരംഭങ്ങളുമായി മുന്നേറുകയാണ് സ്മിത.

ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്ത് പിടിക്കുന്ന കുടുംബശ്രീ നടത്തിയ ഇടപെടലുകളുടെ ഉത്തമ ഉദാഹരണവുമായാണ് അമൃത ജോസഫ് മാത്യു തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. 2017 മുതൽ വിവിധതരം ജ്യൂസുകളുമായി കുടുംബശ്രീ മേളകളിലെ സ്ഥിര സാന്നിധ്യമായ അമൃത ഇന്ന് സമൂഹത്തിൽ സ്വന്തമായി ഒരിടം കണ്ടെത്തിയിരിക്കുകയാണ്. അഞ്ച് അംഗങ്ങളുമായി കലക്ടറേറ്റിൽ ആരംഭിച്ച ജ്യൂസ് കടയിൽ നിന്ന് കാട ഫാം, അമൃത പിൽസ്, ശ്രീനടരാജാ കലാസമിതി എന്നിവിടം വരെ എത്തിനിൽക്കുന്ന തന്റെ അനുഭവങ്ങൾ അമൃത പങ്കുവെച്ചു.

22 വർഷക്കാലമായുള്ള തന്റെ കുടുംബശ്രീ കാലവും സംരംഭയായ അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് ചക്കയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്ന "ഹരിത കേരളം " ബ്രാന്റിന്റെ അമരക്കാരി മല്ലിക ഹരിദാസ് വേദിയിൽ എത്തിയത്. 2023 കൃഷിവകുപ്പിന്റെ മികച്ച സംരംഭകക്കുള്ള അവാർഡ് കരസ്ഥമാക്കിയ അവർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ഏറെ പ്രശസ്തി ആർജ്ജിച്ച കുട്ടമ്പുഴയുടെ സ്വന്തം "രൂപശ്രീ കുട്ടമ്പുഴ കാപ്പി " എന്ന സംരംഭകത്തിലേക്ക് എത്തിയ കഥയുമായാണ് രമണി ചക്രപാണി സംരംഭക സരസിൽ എത്തിയത്. കുടുംബശ്രീ നൽകിയ പ്രത്യേക പരിശീലനത്തിലൂടെ ഓട്ടോ ഡ്രൈവറായി സേവനം ആരംഭിച്ച അവർ ഇന്ന് മികച്ച സംരംഭകയാണ്. അഞ്ചു വനിതകൾ ചേർന്ന് ആരംഭിച്ച രൂപശ്രീ കുട്ടമ്പുഴ കാപ്പി ഇന്ന് വിജയകരമായി മുന്നോട്ടു പോവുകയാണ്.

എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്കിൽ സംരംഭകത്വ വികസനത്തിന്‌ നേതൃത്വം നൽകിയ 9 മൈക്രോ എന്റർപ്രൈസസ് കൺസൽട്ടൻറുമാർ ചേർന്നു കുടുംബശ്രീ പിന്തുണയോടു കൂടി ആരംഭിച്ച സേവിക ഗാർമന്റ്സിന്റെ വിജയഗാഥ പറയുവാനാണ് ഗ്രൂപ്പ്‌ അംഗം രാധ ശിവദാസ് എത്തിയത്. പ്രാദേശിക സാമ്പത്തിക വികസനം നടത്തുന്നതിൽ ഏറ്റവും മികച്ച ഉദാഹരണമാണ് സേവിക ഗാർമന്റ്സ്. ഇരുനൂറിൽ കൂടുതൽ തയ്യൽ തൊഴിലാളികളും ഗാർമന്റ്സ് യൂനിറ്റുകളും ഗാർമന്റ്സ് മുഖേന കൂടുതൽ ലാഭം തങ്ങളുടെ ബിസിനസിൽ നേടി വരുന്നു.

Tags:    
News Summary - Entrepreneur Saras with the success story of enterprises woven through Kudumbashree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.