മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ്: പറഞ്ഞത് വിഴുങ്ങി എം.എ. ബേബി​; ‘സമൻസ് അയച്ചിട്ടുണ്ടെങ്കിൽ പിപ്പിടി കാണിക്കാൻ പറ്റുമോ എന്നവർ നോക്കിയിട്ടുണ്ടാവും, അയച്ചതിന് യാതൊരു സ്ഥിരീകരണവുമില്ല’

​ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ച വിഷയത്തിൽ മലക്കം മറിഞ്ഞ് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. കെട്ടിച്ചമച്ച നോട്ടീസ് അയച്ചു നോക്കിയെന്നും പക്ഷേ അസംബന്ധ നോട്ടീസ് ആണെന്ന് അവർക്ക് തന്നെ അംഗീകരിച്ച് പിൻവലിക്കേണ്ടി വന്നുവെന്നും ഇന്നലെ പറഞ്ഞ അ​ദ്ദേഹം ഇന്ന് അത് നിഷേധിച്ചു. നോട്ടീസ് അയച്ചതിൽ സ്ഥിരീകരണമില്ല എന്നാണ് ഇന്ന് ബേബി മാധ്യമങ്ങളോട് പറഞ്ഞത്.

‘ഇ.ഡി, സി.ബി.ഐ എന്നെല്ലാം പറയുന്നത് കൂട്ടിലെ തത്തകളാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇവർ ഈ രീതിയിൽ പല നീക്കങ്ങളും രാജ്യത്ത് നടത്തിയിട്ടുണ്ട്. കോൺഗ്രസുകാരനായിരുന്ന അസം മുഖ്യമന്ത്രിക്ക് എതിരെ സി.ബി.ഐയെ വിട്ടു, അയാൾ ബി.ജെ.പിയിൽ ചേർന്നതോടെ കേസ് തീർന്നു. ശരദ്പവാറിന്റെ ബന്ധു എൻ.സി.പി ആയിരുന്നു, അയാൾക്കെതി​രെയും വിട്ടു. ഇങ്ങനെ രാഷ്ട്രീയമായി കേന്ദ്ര ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുന്നു. ആ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഇഡി സമൻസ് അയച്ചതായി ഒരു വാർത്ത വന്നത്. അത് വസ്തുതയാണോ അ​ല്ലയോ എന്നറിയില്ല. അയച്ചിട്ടുണ്ടെങ്കിൽ അതിൽ തുടർ നടപടികൾ എടുത്തിട്ടില്ല. അതിനർത്ഥം അതിൽ കഴമ്പില്ല എന്നാണ്. സമൻസ് അയച്ചിട്ടുണ്ടെങ്കിൽ പിപ്പിടി കാണിക്കാൻ പറ്റുമോ എന്നവർ നോക്കിയിട്ടുണ്ടാവും. അത് നടക്കില്ലെന്ന് കണ്ട് അവർ മടക്കിയിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു സമൻസ് അയച്ചതായി യാതൊരു സ്ഥിരീകരണവുമില്ല’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, വിവേക് കിരണിന് ഇ.ഡി സമൻസയച്ചത് എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്ത്. 2023ലാണ് ഇ.ഡി വിവേകിന് സമൻസയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇ.ഡി അന്വേഷണം. ലാവ്‍ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ, വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനായി വിവേകിന് ഇ.ഡി സമൻസയച്ചതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിന്റെ പകർപ്പാണ് പുറത്തായത്. വട​ക്കാ​ഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി സമൻസ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങൾ. അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് സമൻസയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്.

2020 ലാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന പ്രകാരമായിരുന്നു നടപടി. ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകന്റെ യു.കെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചുവെന്ന മൊഴിയും ഇ.സി.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് വിവേകിന് ഇ.ഡി സമൻസയച്ചത്. സമൻസിൽ പിന്നീട് തുടർനടപടികളുണ്ടായില്ല.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു പിണറായി വിജയനായിരുന്നു.

Tags:    
News Summary - ed-summons to cm pinarayi vijayans son vivek kiran: ma baby retracts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.