കുമളി: സംസ്ഥാനത്തൊട്ടാകെ നടന്ന പാതിവില സ്കൂട്ടർ വിതരണ തട്ടിപ്പുമായി ബന്ധപ്പെട്ട് കുമളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ സുരേഷിന്റെ വീട്ടിൽ ഇ.ഡി അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തതായി വിവരം. ചൊവ്വാഴ്ച രാവിലെ 11.30ന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു.
രാജ്യത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചിയിൽനിന്നുള്ള ഏഴംഗ സംഘമാണ് ചൊവ്വാഴ്ച രാവിലെ കുമളി ഒന്നാംമൈലിലെ വീട്ടിൽ പരിശോധനക്കെത്തിയത്.
ഷീബയും ഭർത്താവ് സുരേഷും വിദേശത്തായിരുന്നതിനാൽ കഴിഞ്ഞ വ്യാഴാഴ്ച ഇവരുടെ വീട് ഇ.ഡി സീൽ ചെയ്തിരുന്നു. ഇവർ മടങ്ങിയെത്തിയതോടെ ഇവരുടെ സാന്നിധ്യത്തിൽ വീട് തുറന്നാണ് ചൊവ്വാഴ്ച രാവിലെ പരിശോധന ആരംഭിച്ചത്.
ഷീബയുടെ പക്കൽനിന്ന് കണ്ടെടുത്ത രേഖകൾ, വിവരങ്ങൾ എന്നിവ പകർപ്പ് എടുക്കുന്നതിനായി ഷീബയുടെ ഉടമസ്ഥതയിലുള്ള അക്ഷയസെന്റർ പരിശോധന കഴിയുംവരെ അടക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു.
ഇവിടെ നിന്നാണ് മുഴുവൻ രേഖകളുടെയും പകർപ്പുകൾ ഇ.ഡി ശേഖരിക്കുന്നത്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച് ഡെവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സനും എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ സുരേഷ്. ഇതിനുപുറമെ, സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടികളിൽ സജീവസാന്നിധ്യവുമായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.