നക്സൽ ബന്ധമാരോപിച്ച് ക്യാമ്പുകളിൽ കൊണ്ടുപോയി കൊല ചെയ്യപ്പെട്ടവരായിരുന്നു രാജനും വർക്കല വിജയനുമെങ്കിൽ ക്യാമ്പിലെത്തും മുമ്പ് പൊലീസ് വാഹനത്തിനുള്ളിൽ തീ പടർന്നു മരിച്ചയാളാണ് അങ്ങാടിപ്പുറം ബാലകൃഷ്ണൻ. കോഴിക്കോട് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ രണ്ട് തോക്കുകൾ കാണാതായ സംഭവമാണ് ഇന്നും ദുരൂഹമായി തുടരുന്ന പി. രാജന്റെ തിരോധാനത്തിന് തുടക്കമിട്ടത്. തിരുവനന്തപുരം ശാസ്തമംഗലം ക്യാമ്പിലേക്കാണ് 1976 മാർച്ച് അഞ്ചിന് വർക്കല വിജയനെന്ന 23 കാരനെ പൊലീസ് കിഴക്കേകോട്ടയിൽ നിന്ന് പിടികൂടി എത്തിച്ചത്. നക്സൽ ബന്ധമാരോപിച്ചായിരുന്നു അറസ്റ്റ്. ശാസ്തമംഗലം ക്യാമ്പിൽ ക്രൂരമായി മർദനത്തിനാണ് വിജയൻ വിധേയനായത്. അടിയന്തരാവസ്ഥ പിൻവലിച്ച ശേഷവും മകനെ തെരഞ്ഞ് മാതാപിതാക്കളെത്തിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തറിയുന്നത്. മൃതശരീരം പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ കൊണ്ടുപോയി ആസിഡ് ഒഴിച്ച് കരിച്ചെന്നും പിന്നീട്, വെളിപ്പെടുത്തലുകളുണ്ടായി. കേരള പൊലീസിൽ ഏറ്റവും പ്രായം കുറഞ്ഞ ഡി.ഐ.ജി സ്ഥാനം ജയറാം പടിക്കൽ നേടിക്കൊടുത്തത് കരുണാകരനോടുള്ള അടുപ്പം ഒന്നുകൊണ്ടുമാത്രമായിരുന്നു. നക്സലൈറ്റുകളുടെ ഉന്മൂലനമായിരുന്നു പടിക്കലിന് നൽകിയ ദൗത്യം. പൊലീസ് സ്റ്റേഷനിൽ ‘ഉരുട്ടൽ’ എന്ന ഭീകര മർദനമുറ പരിചയപ്പെടുത്തിയതും ഇദ്ദേഹം.
ക്രൂരതയുടെ ചരിത്രവിലാസങ്ങളായിരുന്നു അടിന്തരാവസ്ഥ കാലത്തെ പൊലീസ് ക്യാമ്പുകൾ. മേജർ ക്യാമ്പുകളെന്നും മൈനർ ക്യാമ്പുകളെന്നും തരംതിരിച്ച പത്തോളം കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ആദ്യദിവസം തന്നെ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് അധികാരികളുടെ മേശപ്പുറത്തെത്തിയിരുന്നു. നക്സലൈറ്റ് നേതാക്കളെയും പ്രവർത്തകരെയുമാണ് പൊലീസുകാർക്ക് പ്രധാനമായും വേണ്ടിയിരുന്നത്. ആലപ്പുഴ പാലത്തിനടുത്ത് പൊലീസ് സ്റ്റേഷനോട് ചേർന്നാണ് ‘കൗസ്തുഭം’ എന്ന ക്രൈംബ്രാഞ്ച് ഓഫിസ് പ്രവർത്തിച്ചത്. ഇവിടത്തെ പീഡനമുറക്ക് ‘കവടിക്കെട്ട്’ എന്നായിരുന്നു വിശേഷണം.
എറണാകുളത്തെ മാഞ്ഞാലിയിലായിരുന്നു മറ്റൊന്ന്. കോഴിക്കോട് കക്കയം ക്യാമ്പ് മുന്നുരകൾ വേണ്ടാത്ത വിധം കുപ്രസിദ്ധം. കോഴിക്കോട്ടെ തന്നെ മാലൂർകുന്ന്, പുതിയറ, ചക്കോരത്തുകുളം എന്നിവിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിച്ചു. തൃശൂർ പൊലീസ് ക്ലബ്ബിനോട് ചേർന്ന് ഊട്ടുപുരയായിരുന്നു മറ്റൊരു ക്യാമ്പ്. നദിയിൽ നിന്ന് ശേഖരിച്ച് വലിയ ഉരുളൻകല്ലുകൾ തോർത്തിൽ കെട്ടിയായിരുന്നു നട്ടെല്ലിനു താഴെയുള്ള ഇവിടത്തെ പ്രയോഗം. തിരുവനന്തപുരത്തെ ശാസ്തമംഗലം കോട്ടയത്തെ നാഗമ്പടം, എറണാകുളത്തെ ഇടപ്പള്ളി, കണ്ണൂരിലെ തളാപ്പ് എന്നിവിടങ്ങളിലായിരുന്നു മറ്റ് ക്യാമ്പുകൾ. തിരുവനന്തപുരം ശാസ്തമംഗലം പണിക്കർ ലൈനിലെ ക്യാമ്പിന് രണ്ട് നിലകളായിരുന്നു.
1977 ജനുവരി ഒന്നിന് നാദാപുരം പൊലീസ് രാഷ്ട്രീയബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കണ്ണൻ പൊലീസ് സ്റ്റേഷനിൽ മരിച്ചതും ശരീരം പൊലീസ് ഫറോക്ക് പാലത്തിന് താഴെ നദിയിലൊഴുക്കിയെന്നതും പിന്നീട് പുറത്തുവന്ന വിവരങ്ങൾ. പ്രകടനം നടത്തിയതിനാണ് മണ്ണാർക്കാട് എം.ഇ.എസ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തത്. മണ്ണാർക്കാട് സബ് ജയിലിൽ ക്രൂരപീഡനത്തെ തുടർന്ന് 1976 ആഗസ്റ്റ് പതിനാറിന് മുസ്തഫ മരിച്ചു.
തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി പാർപ്പിക്കപ്പെട്ട ശ്രീനിവാസനെ പൊലീസ് സ്റ്റേഷനിൽ ‘കെട്ടിത്തൂങ്ങി’ എന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ വെറ്ററിനറി ഡോക്ടർ പരമേശ്വരപിള്ള, കൊല്ലത്തെ ഷറഫുദ്ദീൻ, കോട്ടയത്തെ ജോയി ജോസഫ്, അരൂരിൽ ഹോട്ടൽ നടത്തിയിരുന്ന കെ.വി. ജോസഫ്, കണ്ണൂർ ചക്കരക്കല്ലിൽ ഗോവിന്ദൻ, രാമനാട്ടുകരയിൽ ഡോ. രാമകൃഷ്ണൻ തുടങ്ങി നിരവധിപേർ അറിയപ്പെടാതെ പോയ ഇരകളാണ്.
ആർ.ഇ.സിയിലെ തൂപ്പുജോലിക്കാരി ദേവകി അടിയന്തരാവസ്ഥയിലെ ആരുമറിയാത്ത രക്തസാക്ഷിയാണ്. ഇവർ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയതെങ്കിലും അത് അങ്ങനെയല്ലെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. കക്കയം രക്തസാക്ഷി പി. രാജനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് കണ്ട ആളാണ് ദേവകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.