തൃശൂർ: തൃശൂർ നഗരത്തിൽ ആന ഇടഞ്ഞോടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല ഭരണകൂടം. തൃശൂർ ഡി.എഫ്.ഒക്കും സോഷ്യൽ ഫോറസ്ട്രിക്കുമാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ഇന്ന് രാവിലെയാണ് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞോടിയത്. നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു.
ശീവേലിക്കായി തിരുവമ്പാടി ക്ഷേത്രത്തിലെത്തിച്ച ആനയെ പാപ്പാന്മാർ ചേർന്ന് എട്ടേ മുക്കാലോടെ പാറമേക്കാവിലും വടക്കുനാഥന് മുന്നിലും തൊഴീക്കാനായി എത്തിച്ചു. അവിടെവെച്ച് അസ്വസ്ഥനായ ആന ആദ്യം സ്വരാജ് റൗണ്ടിലൂടെ ഓടുകയായിരുന്നു. അൽപ്പസമയം ശാന്തനായെങ്കിലും വീണ്ടും പരിഭ്രാന്തനായി നഗരത്തിലൂടെ ഓടി. ആന നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർത്തു. രണ്ട് കിലോമീറ്ററിലധികം പാഞ്ഞോടിയ ആന ജനവാസ മേഖലയിലെത്തി അക്രമം നടത്തിയിട്ടുണ്ട്. മണിക്കൂറുകളെടുത്താണ് ആനയെ പാപ്പാന്മാർ തളച്ചത്.
എട്ടു വാഹനങ്ങൾക്കാണ് ആനയുടെ ആക്രമണത്തിൽ നാശം സംഭവിച്ചത്. അഞ്ച് വീടുകളുടെ മതിലുകളും ആന തകർത്തു. ആന ഇടഞ്ഞതിൽ നഷ്ടപരിഹാരം നൽകുന്നതിനെ ചൊല്ലി മന്ത്രി ഒ.ജെ. ജനീഷും ബി. ഗോപാലകൃഷ്ണനും തമ്മിൽ തർക്കമുണ്ടായി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേണമെന്ന് മന്ത്രി പറഞ്ഞു. അർഹരെ തഴയില്ലെന്ന ഉറപ്പ് വേണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. ആന ഓടിക്കൊണ്ടിരുന്നത് കൊണ്ട് മയക്കുവെടിവെക്കുന്നത് പ്രായോഗികമല്ലെന്ന് ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. എട്ട് വാഹനങ്ങൾക്ക് നാശം സംഭവിച്ചു. അഞ്ച് വീടുകളുടെ കോമ്പൗണ്ട് വാളുകൾ തകർത്തു. പോസ്റ്റ് ഓഫിസ് കെട്ടിടത്തിനും ടൗൺഹാൾ ഫെൻസിങ് ഗ്രില്ലിനും കേടുപാട് സംഭവിച്ചതായും കലക്ടർ വ്യക്തമാക്കി.
നഗരത്തിലൂടെ ആന വിരണ്ടോടിയ സംഭവത്തിൽ ജില്ല ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതായി തൃശൂർ മേയർ നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയറും ആരോപിച്ചു. സംഭവത്തിൽ പരിശോധന നടത്തുമെന്ന് മന്ത്രി ഒ.ജെ. ജനീഷും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.