മാനന്തവാടി: കാട്ടുകൊമ്പെൻറ ആക്രമണത്തിൽ ആദിവാസി തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ആലത്തൂർ കോളനിയിലെ കുഞ്ചിലൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജനവാസ കേന്ദ്രമായ വെള്ളാഞ്ചേരിയിൽ ഇറങ്ങിയ കൊമ്പൻ മുളയൻകാവിൽ സാബുവിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയും പിക്കപ്പ് വാനും തകർത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ബഹളംവെച്ചതോടെ പനവല്ലി റോഡിലേക്കിറങ്ങിയ ആന എതിരെ വന്ന സ്കൂട്ടർ യാത്രക്കാരെ ആക്രമിക്കുകയും സ്കൂട്ടർ നശിപ്പിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ ആനയെ കാപ്പിത്തോട്ടത്തിലൂടെ വനത്തിലേക്ക് കയറ്റിവിട്ടു. രോഷാകുലരായ ജനങ്ങൾ സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞ് വെച്ചു. വിവരമറിഞ്ഞ് എം.എൽ.എ ഒ.ആർ. കേളു, നോർത് വയനാട് ഡി.എഫ്.ഒ പി. പ്രസാദ് കുമാർ, ബേഗൂർ റേഞ്ചർ നജ്മൽ അമീൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ നശിപ്പിച്ച വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു വനപാലകനെ കാവൽ ഏർപ്പെടുത്താനും തീരുമാനമായി. ഇതിനിടയിലാണ് കാപ്പിതോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന കുഞ്ചിലനെ കാട്ടാന ചവിട്ടിക്കൊന്നുവെന്നറിയുന്നത്.
ഇതോടെ രോഷാകുലരായ ജനങ്ങൾ ഡി.എഫ്.ഒ ഉൾപ്പെടെ വനപാലകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് ഇവരെ രക്ഷിച്ച് വാഹനത്തിൽ കയറ്റി വിടുകയായിരുന്നു. ഇതോടെ, അർഹമായ നഷ്ടപരിഹാരം നൽകാതെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെയും മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. തഹസിൽദാർ എൻ.ഐ. ഷാജു ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതിനുശേഷം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ കുഞ്ചിലെൻറ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും അത് ഒരു മാസത്തിനകം ലഭ്യമാക്കാനും തീരുമാനമായി.
റവന്യൂ വകുപ്പ് മൂന്നു ലക്ഷം രൂപ നൽകും. അടിയന്തര സഹായമായി 25,000 രൂപയും ട്രൈബൽ വകുപ്പ് പതിനായിരം രൂപയും നൽകും. കുഞ്ചിലെൻറ ആശ്രിതന് സർക്കാർ ജോലിക്ക് ശിപാർശ ചെയ്യും. അതു വരെ വനംവകുപ്പിൽ താൽക്കാലിക ജോലി നൽകും. ഇതെല്ലാം ധാരണയായ ശേഷമാണ് പോസ്റ്റ്േമാർട്ടത്തിനായി മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചത്. അതിനിടെ, വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാട്ടിക്കുളത്ത് ഹർത്താൽ ആചരിച്ചു. പരേതയായ ചിക്കിയാണ് കുഞ്ചിലെൻറ ഭാര്യ. മകൾ: തങ്ക. മരുമകൻ: കാളൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.