കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് വി​ര​ണ്ട ആ​ന

ബുള്ളറ്റിന്‍റെ ശബ്ദം കേട്ട് ആന വിരണ്ടു; മണിക്കൂറോളം നാട് മുൾമുനയിൽ

കൊടുമൺ: കുളിപ്പിക്കാൻ കൊണ്ടുപോയ ആന ബുള്ളറ്റിന്‍റെ ശബ്ദം കേട്ട് വിരണ്ടോടി രണ്ട് മണിക്കൂറോളം നാട് മുൾമുനയിലായി. അങ്ങാടിക്കൽ വടക്ക് മണക്കാട് ദേവീക്ഷേത്രത്തിന് സമീപമാണ് സംഭവം.കൊടുമൺ സ്വദേശി ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തടിപ്പണി ജോലികൾക്കായി അങ്ങാടിക്കൽ വടക്ക് സ്വദേശി കണ്ണൻ വാടകക്ക് എടുത്തിരിക്കുകയാണ്. മണക്കാട് ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ആനയെ സ്ഥിരമായി തളച്ചിരുന്നത്.

ഞായറാഴ്ച രാവിലെ 11ഓടെ കുളിപ്പിക്കാൻ സമീപത്തെ തോട്ടിലേക്ക് കൊണ്ടുവരവെയാണ് ഇടഞ്ഞത്. ഈ സമയം റോഡിലൂടെ പോയ ബുള്ളറ്റിന്‍റെ ശബ്ദം കേട്ടയുടനാണ് ആന വിരണ്ടത്. ഇടച്ചങ്ങലകൾ ഒന്നും ഇല്ലാതെയാണ് ആനയെ കുളിപ്പിക്കാൻ കൊണ്ടുവന്നത്.

ചെറിയ വടത്തിലാണ് പറമ്പിൽ തളച്ചിരുന്നത്. വടം പൊട്ടിച്ച് ഈ സമയം ആന കോമാട്ട്മുക്ക് - മണക്കാട് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി. ആന ഇടഞ്ഞത് അറിയാതെ ചിലർ മുന്നിൽ വന്നു പെട്ടെങ്കിലും ഉപദ്രവിച്ചില്ല. ഏറെ നേരം റോഡിലൂടെ ഓട്ടം തുടർന്നു. ആനയെ തളക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പറമ്പിൽ നിന്ന വാഴകൾ വെട്ടി പിണ്ടിയും മറ്റും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന റോഡിലൂടെ ഓടിക്കൊണ്ടിരുന്നു.

നൽകിയ വാഴപ്പിണ്ടിയും മറ്റും ആന ദൂരേക്ക് വലിച്ചെറിഞ്ഞു. ഇതുവഴിയുള്ള ഗതാഗതവും മണിക്കൂറോളം തടസ്സപ്പെട്ടു. ആന ഇടഞ്ഞ വിവരം നാട്ടുകാർ പൊലീസിലും വനംവകുപ്പിലും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചു.സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും എത്തി. വിവരം അറിഞ്ഞ് കൂടുതൽ നാട്ടുകാർ തടിച്ചുകൂടിയതോടെ പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടി വന്നു.

ഉച്ചക്ക് ഒന്നരയോടെയാണ് പണിപ്പെട്ട് ആനയെ തളച്ചത്. പാപ്പാന്മാർ ചേർന്ന് ആദ്യം ആനയുടെ കാലുകൾ വടം കെട്ടി ബന്ധിച്ച ശേഷം മറിച്ചിട്ടു. പിന്നീട് ചങ്ങല ഉപയോഗിച്ച് പറമ്പിലെ തേക്കിൽ തളക്കുകയായിരുന്നു. ആന പിന്നീടാണ് ശാന്തനായത്. ഇതിന് മുമ്പ് ശല്യമൊന്നും ഉണ്ടാക്കാത്ത ആനയാണിതെന്ന് പറയുന്നു. ആനയുടെ ഒരു കണ്ണിന് കാഴ്ചക്കുറവുണ്ട്.

Tags:    
News Summary - elephant got scared hearing the sound of the bullet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.