നല്ലളത്തെ വൈദ്യുതിക്ക് വില പൊള്ളും; ഉൽപാദനം പുനരാരാരംഭിച്ചാലും കെ.എസ്.ഇ.ബിക്ക് നഷ്ടക്കച്ചവടമാകും

കോഴിക്കോട്: വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കക്കിടയിലും ആർക്കും ഉപകാരമില്ലാതെ നല്ലളത്തെ ഡീസൽ വൈദ്യുതി നിലയം. ഈ പദ്ധതി കെ.എസ്.ഇ.ബിക്ക് വർഷവും പണം നഷ്ടമാകുന്ന വെള്ളാനയായി മാറുകയാണ്.

സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഈ വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദനം പുനരാരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. രണ്ട് ജനറേറ്ററുകളിൽനിന്ന് മുപ്പത് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ഇപ്പോൾ ലക്ഷ്യം. എന്നാൽ, ഇവിടത്തെ വൈദ്യുതിക്ക് പൊള്ളുന്ന വില നൽകേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആറു വർഷത്തിലേറെയായി ഇവിടെ ഉൽപാദനം നിലച്ചിട്ട്. ഇതിനിടയിൽ 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ കുറച്ചുദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നു.

ക്രൂഡ് ഓയിലിന്‍റെ അവശിഷ്ടങ്ങളിൽനിന്നുള്ള ലോ സൾഫർ ഹെവി സ്റ്റോക് ആയിരുന്നു നിലയം പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമായി ഉപയോഗിച്ചത്. കേരളത്തിൽ നിലവിൽ ലോ സൾഫർ ഹെവി സ്റ്റോക് ഉൽപാദിപ്പിക്കുന്നില്ല. നല്ലളത്ത് വൈദ്യുതിയുൽപാദനം പുനരാരംഭിക്കുകയാണെങ്കിൽ ഡീസലായിരിക്കും ഇന്ധനമായി ഉപയോഗിക്കുക. 1999ൽ കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് നല്ലളത്ത് കോഴിക്കോട് ഡീസൽ പവർപ്ലാന്‍റ് എന്ന പേരിൽ നിലയത്തിന് തുടക്കമിട്ടത്.

ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് 390 കോടി രൂപ ചെലവിൽ നിർമിച്ച് കെ.എസ്.ഇ.ബിക്ക് കൈമാറുകയായിരുന്നു. മലബാറിന് ആവശ്യത്തിന് വൈദ്യുതി നൽകുകയും വോൾട്ടേജ് ക്ഷാമം പരിഹരിക്കുകയുമായിരുന്നു മറ്റൊരു ലക്ഷ്യം. 128 മെഗാവാട്ടായിരുന്നു തുടക്കത്തിലെ ഒരു ദിവസത്തെ ഉൽപാദനശേഷി. പിന്നീട് ഇത് 96 മെഗാവാട്ടായി കുറച്ചു. വർഷത്തിൽ 896 ദശലക്ഷം യൂനിറ്റിൽനിന്ന് 672 ദശലക്ഷം യൂനിറ്റായി കുറയുകയായിരുന്നു. 2012-13ൽ 438.705 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചിരുന്നു. 2014-15ൽ ഇത് 199.555 ദശലക്ഷം യൂനിറ്റായി കുറഞ്ഞിരുന്നു. പിന്നീട് പ്രവർത്തനം നിർത്തുകയുമായിരുന്നു.

നിലവിൽ യന്ത്രങ്ങൾ തുരുമ്പെടുക്കാതിരിക്കാൻ എല്ലാ ദിവസം അൽപനേരം പ്രവർത്തിപ്പിക്കുന്നുണ്ട്. നൂറിലേറെ ജീവനക്കാരുള്ളതിൽ കുറച്ചുപേരെ അടുത്തിടെ മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. അറ്റകുറ്റപ്പണിക്ക് മാത്രം ലക്ഷങ്ങളാണ് ചെലവാകുന്നത്. 1000 കോടിയിലേറെ ബാധ്യതയാണ് 23 വർഷത്തിനിടെയുള്ള 'സമ്പാദ്യം'. ഓൺലൈൻ മോണിറ്ററിങ് സിസ്റ്റം നടപ്പാക്കാൻ പ്രവർത്തനം നിർത്തുന്നുവെന്നായിരുന്നു അധികൃതർ വിശദീകരിച്ചത്.

ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) ഉപയോഗിച്ച് നിലയം പ്രവർത്തിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങിയിരുന്നെങ്കിലും എവിടെയുമെത്തിയില്ല.

Tags:    
News Summary - electricity from nallalam will cost high; if production resumes loss for KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.