'ഇന്ദിര കട്ട് ഇത്തിരി കൂടുന്നുണ്ട്, ഇന്ന് രണ്ട് വട്ടമായി': വൈദ്യുതി പ്രതിസന്ധിയിൽ പരിഹാസവുമായി സി.പി.എം

തിരുവനന്തപുരം: ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

പലയിടങ്ങളിലും രാത്രിയിൽ 25 മിനിറ്റ് വരെയാണ് വൈദ്യുതി മുടങ്ങിയത്. ലോകകപ്പ് ഫുട്ബോൾ ആവേശം നിലനിൽക്കുന്ന സമയമായതിനാൽ രാത്രിയിലെ പവർ കട്ട് കായിക പ്രേമികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ പരിഹാസവുമായി സി.പി.എം നേതാക്കൾ രംഗത്തുവന്നു.

Full View

സി.പി.എം നേതാക്കളായ വി. ശിവൻകുട്ടിയും വി.കെ. പ്രശാന്തുമാണ് പവർ കട്ടിനെതിരെ വിമർശനം ഉന്നയിച്ചത്. 'ഇന്ദിര കട്ട് ഇത്തിരി കൂടുന്നുണ്ട്, ഇന്ന് രണ്ട് വട്ടമായി' എന്നായിരുന്നു വി.കെ. പ്രശാന്തിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വി.കെ. പ്രശാന്തിന്റെ പരിഹാസം. വൈദ്യുതി തടസ്സപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത്' എന്നായിരുന്നു വി. ശിവൻകുട്ടിയുടെ പരിഹാസം.

നേതാക്കളുടെ പോസ്റ്റിന് താഴെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് പലരും പരാതി ഉന്നയിക്കുന്നുണ്ട്. സാധാരണയായി അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബി ഉപഭോക്താക്കളെ മെസേജ് വഴി മുൻകൂട്ടി അറിയിക്കാറുണ്ട്. എന്നാൽ, നിലവിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അറിയിപ്പുകൾ നൽകാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്നുമാണ് പൊതുജനങ്ങളും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വർധനയെന്നും പ്രതിസന്ധി നിലനിൽക്കുന്നതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുമ്പ് പറഞ്ഞിരുന്നു. ജൂൺ ഒന്നിന് മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തത്, അന്തരീക്ഷ താപനില കുറയാത്തതിനും അതുവഴി വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവിനും കാരണമായി. നിലവിൽ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മറ്റു സംസ്ഥാനങ്ങളിൽനിന്ന് 'സ്വാപ്പ്' കരാർ പ്രകാരം വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ തിരികെ നൽകേണ്ടതുണ്ട്. ഈ കരാറിൽ വീഴ്ച വരുത്താൻ സാധിക്കാത്തതിനാൽ വൈദ്യുതി മടക്കി നൽകിത്തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതോടെ നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

Full View
Tags:    
News Summary - 'Indira Cut is increasing a lot, it has doubled today': CPM mocks power crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.