ആശങ്ക ഒഴിഞ്ഞു; വേനൽമഴയിൽ വൈദ്യുതി ഉപഭോഗം താഴേക്ക്​

മൂലമറ്റം: സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചതോടെ വൈദ്യുതി വകുപ്പിന് താൽക്കാലിക ആശ്വാസം. റെക്കോഡുകൾ ഭേദിച്ച് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിന്​ പിന്നാലെ ഉപഭോഗം താഴ്ന്നു തുടങ്ങി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂനിറ്റാണ്​ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം. ഇത്​ വെള്ളിയാഴ്ച 91.735 ദശലക്ഷം യൂനിറ്റായി കുറഞ്ഞു.

നിലവിലേതുപോലെ തുടർന്നും മഴ ലഭിച്ചാൽ ഉപഭോഗം 90 ദശലക്ഷം യൂനിറ്റിന്​ താഴെയെത്തും. ആഭ്യന്തര ഉൽപാദനം ഉയർത്തിയും പരമാവധി പുറം വൈദ്യുതി എത്തിച്ചുമാണ് പ്രതിസന്ധി മറികടന്നത്. പീക് സമയത്തെ ഉപഭോഗം വർധിച്ചത്​ കെ.എസ്​.ഇ.ബിയെ ആശങ്കയിലാക്കിയിരുന്നു. ഉയർന്ന വില നൽകിയാൽ പുറം സംസ്ഥാനങ്ങളിൽനിന്ന്​ ലഭിക്കുമെങ്കിലും വൈദ്യുതി എത്തിക്കുന്ന ഗ്രിഡിന് അത്രമാത്രം ശേഷിയില്ല. ഉപഭോഗം 102.99 ദശലക്ഷം യൂനിറ്റിൽ എത്തിയപ്പോൾ 74.55 ദശലക്ഷം പുറത്തുനിന്ന്​ വാങ്ങുകയും 28.44 ദശലക്ഷം ആഭ്യന്തരമായി ഉൽപാദിപ്പിക്കുകയുമാണ്​ ചെയ്തത്​.

വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ അവശേഷിക്കുന്നത് 34 ശതമാനം ജലമാണ്. ഇത് ഉപയോഗിച്ച് 1423.96 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിക്കാം. നിലവിലെ പ്രതിദിന ആഭ്യന്തര ഉൽപാദനം 22.4 ദശലക്ഷം യൂനിറ്റാണ്. ഇതേ അവസ്ഥയിൽ തുടർന്നാൽ 63 ദിവസം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അണക്കെട്ടുകളിൽ അവശേഷിക്കുന്നുണ്ട്. വേനൽമഴയും ജൂൺ ഒന്നിന് പ്രതീക്ഷിക്കുന്ന കാലവർഷവുംകൂടി ആകുമ്പോൾ പ്രതിസന്ധി ഒഴിവാകും.

Tags:    
News Summary - Electricity consumption down during summer rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.