തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2026 ജനുവരി അഞ്ചു മുതൽ ഏഴു വരെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമിറ്റികളും ജില്ല പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ്ങ് കമിറ്റികളുമാണ് രൂപവത്കരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിങ് കമിറ്റികളും കോർപ്പറേഷനുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീൽകാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിങ് കമിറ്റികളുമാണുള്ളത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ല പഞ്ചായത്തുകളിലെയും കോർപറേഷനുകളിലെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എ.ഡി.എമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമീഷൻ നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാന്റിങ് കമിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെട്ട നോട്ടീസ് എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗ തീയതിക്ക് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നൽകും. നാമനിർദ്ദേശം വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും നോട്ടീസിലുണ്ടാകും.
ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിങ് കമിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് രണ്ട് ദിവസം മുമ്പാണ് നൽകുക. സ്റ്റാന്റിങ് കമിറ്റി അംഗം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. എല്ലാ സ്റ്റാന്റിങ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ്. സ്ഥാനാർഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണെങ്കിൽ യോഗത്തിൽ ഹാജരായ അംഗങ്ങളിൽ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.