എൽദോസ് മദ്യപിച്ച് മർദിക്കുന്നത് പതിവായിരുന്നു, 30 ലക്ഷം വാഗ്ദാനം ചെയ്തു -പരാതിക്കാരി

തിരുവനന്തപുരം: കേസ് പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി. എൽദോസ് മദ്യപിച്ച് തന്നെ മർദിക്കുന്നത് പതിവായിരുന്നെന്നും യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പരാതിയിൽ ഉറച്ചുനിൽക്കുന്നു. കേസ് ഒത്തുതീർക്കാൻ വഞ്ചിയൂരിലെ വക്കീൽ ഓഫിസിൽ വെച്ചാണ് 30 ലക്ഷം നൽകാമെന്ന് പറഞ്ഞത്. വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസുകാരിയായ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തി. പെരുമ്പാവൂർ മാറമ്പള്ളി സ്വദേശിയും മുൻ വാർഡ് അംഗവുമാണ് അവരെന്നും യുവതി പറഞ്ഞു. കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കും. എം.എൽ.എ ലൈംഗികമായി പീഡിപ്പിച്ചോയെന്ന ചോദ്യത്തിന് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്ന് അവർ പ്രതികരിച്ചു.

ഭീഷണിയും മർദനവും തുടർന്നതിനാൽ ഗതിയില്ലാതെയാണ് പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണം ചില കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണെന്ന് സംശയിക്കുന്നു. കോൺഗ്രസിലെ എം.എൽ.എമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എം.എൽ.എയുമായി ബന്ധപ്പെട്ട് പലതും തനിക്ക് വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞു.

എം.എൽ.എയുമായി 10 വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. മോശം പെരുമാറ്റം തുടങ്ങിയതോടെ അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. സെപ്റ്റംബർ 14ന് കോവളത്തുവെച്ച് മർദിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പൊലീസിനെ അറിയിച്ചത്. പി.എ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. അന്നു താൻ ഭാര്യയാണെന്നാണ് എം.എൽ.എ പറഞ്ഞത്. പൊലീസും നാട്ടുകാരും ഇടപെട്ടാണ് കാറിൽ കയറ്റി അയച്ചത്. പരിക്കേറ്റതിനാൽ എം.എൽ.എ തന്നെയാണ് 16ന് പുലർച്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്. വീണ്ടും മർദനവും ശല്യവും തുടർന്നതിനാൽ ആദ്യം പരാതി നൽകിയത് വനിത സെല്ലിലാണ്. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

കോവളം പൊലീസ് സ്റ്റേഷനിലേക്ക് ഒക്ടോബർ ഒന്നിന് വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്.എച്ച്.ഒ തയാറായില്ല. എം.എൽ.എയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് കാരണം പറഞ്ഞത്. പിന്നീട് മൊഴിയെടുക്കാമെന്ന് പറഞ്ഞെങ്കിലും ഏഴിന് വിളിച്ചപ്പോൾ എസ്.എച്ച്.ഒ അവധിയാണെന്ന് പറഞ്ഞു. ഒമ്പതിന് എം.എൽ.എ വീട്ടിൽ വന്ന് ബലംപ്രയോഗിച്ച് സി.ഐക്ക് മുന്നിൽ കൊണ്ടുപോയി പരാതി ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞു. പൊലീസിൽനിന്നടക്കം സഹായം ലഭിക്കാതായപ്പോഴാണ് ആത്മഹത്യക്കായി കന്യാകുമാരിയിൽ പോയത്. കടലിൽ ചാടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞ് തമിഴ്നാട് പൊലീസിൽ ഏൽപ്പിച്ചു.

പൊലീസ് നിർദേശാനുസരണം മടങ്ങിയ താൻ മധുരയിലേക്ക് പോയി. അവിടെവെച്ച് ഫോൺ ഓണാക്കിയപ്പോഴാണ് വഞ്ചിയൂർ സ്റ്റേഷനിലെ വനിത എസ്.ഐ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചത്. എം.എൽ.എയുടെ ഫോൺ തന്റെ കൈവശമില്ല. അങ്ങനെയുണ്ടെങ്കിൽ അദ്ദേഹം തനിക്കെതിരെ പരാതി നൽകാത്തതെന്താണ്? -അവർ ചോദിച്ചു.

വിശദീകരണം തേടി -കെ. സുധാകരന്‍

തിരുവനന്തപുരം: ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എയോട് പാര്‍ട്ടി വിശദീകരണം തേടിയെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു.

ആക്ഷേപം അന്വേഷിക്കാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ല. സത്യസന്ധമായ അന്വേഷണം പൊലീസിന്‍റെ ഭാഗത്തുനിന്ന് നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Eldose P Kunnappally offered 30 lakhs -complainant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.