മാനന്തവാടി: കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടിൽനിന്ന് ലീല പുഞ്ചിരിയോടെ തിരിച്ചെത്തി, ഒന്നും സംഭവിക്കാത്ത മട്ടിൽ. മൂന്നു രാത്രിയും രണ്ടു പകലും കൊടുംകാട്ടിൽ കഴിഞ്ഞതോ പ്രിയ മകൻ ലാലു(വസന്തകുമാർ)വിനെയും നാട്ടുകാരെ മുഴുക്കെയും അത്രയും നാൾ മുൾമുനയിൽ നിർത്തിയതോ ഒന്നും അവരറിഞ്ഞിട്ടില്ല.
ഓർമകളൊന്നും മനസ്സിൽ നിൽക്കാത്ത ലീല, പൂർണ ആരോഗ്യവതിയായാണ് തിരിച്ചെത്തിയത്. മൂന്നു നാളത്തെ വനവാസത്തിന്റെ അടയാളമായി ശരീരത്തിൽ അട്ടകടിച്ച നേരിയ പാടുകൾ മാത്രം. ഹൃദയസ്പർശിയായിരുന്നു ആ അമ്മയുടെയും മകന്റെയും പുനസ്സമാഗം. കൈവിട്ടുപോയ പ്രിയ അമ്മ കൺമുന്നിലെത്തിയപ്പോൾ ലാലുവിന് സ്വയം നിയന്ത്രിക്കാനായില്ല. അമ്മയെ കെട്ടിപ്പുണർന്ന് അയാൾ കണ്ണീർ വാർത്തു.
മൂന്നു ദിനരാത്രങ്ങൾ ഒരു പ്രദേശത്തെയും കുടുംബങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ പിലാക്കാവ് ഊന്നുകല്ലിങ്കൽ ലീലയെ വ്യാഴാഴ്ച രാവിലെ 9.05ഓടെയാണ് വന്യമൃഗങ്ങൾ വിഹരിക്കുന്ന പിലാക്കാവ് മണിയൻകുന്ന് വനമേഖലയിൽനിന്ന് കണ്ടെത്തിയത്.
വനത്തിനു സമീപമുള്ള വീട്ടിൽനിന്ന് തിങ്കളാഴ്ച വൈകീട്ടാണ് ഓർമക്കുറവുള്ള ലീല വീടുവിട്ടിറങ്ങിയത്. മാനന്തവാടി നഗരസഭയും തിരുനെല്ലി ഗ്രാമപഞ്ചായത്തും അതിരിടുന്ന, മണിയൻകുന്ന് തേയിലത്തോട്ടത്തിൽനിന്ന് ഏകദേശം 400 മീറ്റർ മാറി വനത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊലീസും വനപാലകരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ലീലയെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ തലപ്പുഴ ഫോറസ്റ്റ് സെക്ഷൻ പരിധിയിലുള്ള പ്രദേശത്ത് നോർത്ത് വയനാട് വനം ഡിവിഷനിലെ വനപാലകരും ആർ.ആർ.ടി ടീമും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ലീല നടന്നടുക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലീലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.