വിദേശത്ത് നിന്ന് നാട്ടിലെത്തിയ വയോധിക ദമ്പതിമാരെ വിർച്വൽ അറസ്റ്റിലാക്കി 1.40 കോടി രൂപ തട്ടി

മല്ലപ്പള്ളി: വിദേശത്ത് നിന്ന് അടുത്തിടെ നാട്ടിലെത്തിയ വൃദ്ധദമ്പതിമാരെ വിര്‍ച്വല്‍ അറസ്റ്റില്‍ കുടുക്കി 1.40 കോടി തട്ടി. മല്ലപ്പള്ളി കിഴക്കേല്‍ വീട്ടില്‍ ഡേവിഡ് പി മാത്യു, ഭാര്യ ഷേര്‍ലി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ 18 നാണ് സംഭവം. അജ്ഞാത ഫോണില്‍ നിന്നും ഷെര്‍ലിയെ വിളിച്ച തട്ടിപ്പ് സംഘം മുബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തി. നിങ്ങള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിര്‍ച്വല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി പല തവണയായി പണം തട്ടിയെടുക്കുകയായിരുന്നു

തട്ടിപ്പുകാരന്‍ ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞു. ഈ നമ്പരില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുത്തുവെന്നും അറിയിച്ചു. ഈ നമ്പര്‍ നിങ്ങളുടെ പേരിലുള്ളതാണ്. അതിനെതിരെ ആളുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ചെമ്പൂര് പോലീസ് സ്‌റ്റേഷനില്‍ ജാമ്യം എടുക്കണമെന്നും അല്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യും എന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.

ക്രൈംബ്രാഞ്ച് മുംബൈ ചെമ്പൂര്‍ സ്‌റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞാണ് ഫോണ്‍ വന്നത്. നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റിലാണെന്നും സൈബര്‍ കേസ് ആണെന്നും വിവരം ആരോടും പറയരുതെന്നും പറഞ്ഞു. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ചു. നിങ്ങളുടെ പേരില്‍ നരേഷ് ഗോയല്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ട്. അതു കൊണ്ട് ആ കേസിലും പ്രതിയാണ്. കേസ് സിബിഐക്ക് കൈമാറുകയാണ്.

നിങ്ങളുടെ ആധാറും അക്കൗണ്ടും ഫ്രീസ് ചെയ്യുന്നുവെന്ന് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ചെക്കിങ്ങിനായി എന്നുപറഞ്ഞ് ഒരു അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ട് അതിലേക്ക് പണം അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം 90.50 ലക്ഷം അയച്ചു കൊടുത്തു. 20 ന് വീണ്ടും വാട്‌സാപ്പ് കോളിലൂടെ 50 ലക്ഷം രൂപ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. 21 ന് 50 ലക്ഷം അയച്ചു കൊടുത്തു. തുടര്‍ന്ന് വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും പണം അയക്കാന്‍ ഫെഡറല്‍ ബാങ്കില്‍ എത്തിയ സമയം വിവരം അറിഞ്ഞ പൊലീസിന്റെ ഇടപെടല്‍ മൂലം പണം അയക്കുന്നത് തടയുകയായിരുന്നു.

മല്ലപ്പള്ളി ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 90.50 ലക്ഷവും റാന്നി മന്ദമരുതി ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ നല്‍കിയ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയും അയച്ചു വാങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം പണം തടഞ്ഞു വയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കത്ത് നല്‍കി. ബാങ്ക് തുടര്‍ നടപടികള്‍ നടത്തി വരുന്നു. ദമ്പതികളുടെ പരാതിയില്‍ കീഴ്‌വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. കഴിഞ്ഞ എട്ടിനാണ് നാട്ടില്‍ വന്നത്.

Tags:    
News Summary - Elderly couple who returned from abroad were virtually arrested and defrauded of Rs 1.40 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.