ബി.ജെ.പിയുടേത് ഭീരുത്വ മുഖം; സസ്പെൻഷൻ കൊണ്ട് നിശബ്ദരാക്കാനാവില്ല -എളമരം കരീം

ന്യൂഡൽഹി: സസ്പെൻഷൻ കൊണ്ട് കേന്ദ്ര സർക്കാറിന് തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് രാജ്യസഭ എം.പി എളമരം കരീം. എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയിലൂടെ ബി.ജെ.പിയുടെ ഭീരുത്വ മുഖമാണ് തുറന്നു കാട്ടുന്നത്. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ജനശ്രദ്ധയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമമെന്നും എളമരം കരീം പറഞ്ഞു.

ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും -കരീം ഫേസ്ബുക്കിൽ കുറിച്ചു.

കർഷക ബിൽ ചർച്ചക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേരെ അധ്യക്ഷൻ വെങ്കയ്യനായിഡു സസ്പെൻഡ് ചെയ്തിരുന്നു. സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്കാണ് അച്ചടക്ക നടപടി.

കേരളീയരായ കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാൻ, ദോല സെൻ (തൃണമൂൽ കോൺഗ്രസ്), രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ (കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച് പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ കൊണ്ടുവന്ന പ്രമേയം രാജ്യസഭ രാവിലെ പാസാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.