തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എത്തിയത് എട്ട് കുരുന്നുകൾ. വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ട് കുട്ടികളാണ് എത്തിയത്.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ വ്യാഴാഴ്ച രാത്രി 10.30ന് 11 ദിവസം പ്രായമുള്ള ആൺകുഞ്ഞും വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് കോഴിക്കോട് അമ്മത്തൊട്ടിലിൽ 20 ദിവസം പ്രായമുള്ള ആൺകുഞ്ഞുമാണ് എത്തിയത്.
ആദ്യ കുഞ്ഞിന് ‘പുരസ്കാർ’ എന്നും രണ്ടാമത്തെ കുഞ്ഞിന് ‘ഹോർത്തൂസ്’ എന്നും പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. പുരസ്കാർ തിരുവനന്തപുരം പരിചരണ കേന്ദ്രത്തിലും ഹോർത്തൂസ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലും പരിചരണത്തിലാണ്.
സെപ്റ്റംബർ 26ന് സമൻ (തിരുവനന്തപുരം), 28ന് ആദി (കോഴിക്കോട്), 29ന് ആഗത (തിരുവനന്തപുരം), ഒക്ടോബർ ഒന്നിന് വീണ (ആലപ്പുഴ), അഹിംസ, അക്ഷര (തിരുവനന്തപുരം) എന്നിവരാണ് നേരത്തെ ലഭിച്ച കുരുന്നുകൾ. തുടർച്ചയായി ഏഴ് ദിവസത്തിനുള്ളിൽ എട്ട് കുട്ടികളെ ലഭിക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.