തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ വിവേക് കിരണിനോട് ഹാജരാകാനാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടുവർഷം മുമ്പ് അയച്ച സമൻസ് വിവരം പുറത്തുവന്ന് രാഷ്ട്രീയ ചർച്ചയായിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും.
മകൾ വീണാ വിജയനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ കാക്കാതെ പ്രതികരണത്തിന് മുതിർന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ളവരും വിഷയത്തിൽ മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം കാക്കുകയാണ് പാർട്ടി നേതാക്കൾ. മാസപ്പടിയടക്കം മകൾക്കെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയും നേതാക്കൾ രാഷ്ട്രീയ പ്രതിരോധമൊരുക്കുകയുമാണ് ആദ്യമുണ്ടായത്.
അതേസമയം രണ്ടുവർഷം മുമ്പ് സമൻസ് വന്നുവെന്നത് സ്ഥിരീകരിച്ച മന്ത്രി വി. ശിവൻകുട്ടി, ഇത് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് പ്രതികരിച്ചു. പിന്നാലെ മന്ത്രി കെ.എൻ. ബാലഗോപാലും സമൻസിനെ തെരഞ്ഞെടുപ്പ് കാലത്തെ വിവാദമെന്ന് വിശേഷിപ്പിച്ചു. അതിനിടെ മകന് ഇ.ഡിയിൽനിന്ന് സമൻസ് വന്നകാര്യം മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നോ എന്നതിൽ സംശയമുയർന്നിട്ടുണ്ട്.
കോൺഗ്രസ് സമൻസ് വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനുള്ള ഒരുക്കത്തിലാണ്. മുഖ്യമന്ത്രിയുടെ മകൻ ഇ.ഡിക്കുമുന്നിൽ ഹാജരായില്ലെങ്കിൽ എന്തുകൊണ്ട് തുടർനടപടിയുണ്ടായില്ലെന്നും ഇത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നുമാണ് അവരുടെ ആരോപണം. അതേസമയം, സമൻസിൽ ബി.ജെ.പിയുടെയും പ്രതികരണം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.