കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമയുടെ സഹനിർമാതാവ് കൂടിയായ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഈ മാസം 22ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകി. വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കേസിൽ ഗോപാലനെ ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 22ന് എത്താൻ ആവശ്യപ്പെട്ടത്. ഗോപാലൻ നേരിട്ടോ ഗോകുലം കമ്പനിയുടെ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസ്.
നേരത്തെ കോഴിക്കോട്ടും ചെന്നൈയിലുമായി ഗോപാലനെ ഏഴരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി തിങ്കളാഴ്ച ചോദ്യംചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് 12.40ഓടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്സ് ചിട്ടിസ്ഥാപനം വഴി അനധികൃതമായി 600 കോടിയോളം രൂപയുടെ വിദേശ സാമ്പത്തിക ഇടപാട് നടന്നതായാണ് ഇ.ഡി ആരോപണം. ചെന്നൈയിലെ കേന്ദ്ര ഓഫിസിൽനിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.
ഗോകുലം ഗ്രൂപ് ആർ.ബി.ഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ചട്ടം ലംഘിച്ച് 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായും ഇ.ഡി വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 370.80 കോടി പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയുംചെയ്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നതായാണ് ഇ.ഡി അധികൃതർ പറയുന്നത്. മൊത്തം 1,000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി ആരോപണം.
ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. 2022ൽ ഇ.ഡി കൊച്ചി യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായാണ് അന്വേഷണമെന്നും എമ്പുരാൻ സിനിമ വിവാദവുമായി നടപടികൾക്ക് ഒരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
സംശയം തോന്നിയതിനാൽ അവർ ചില ചോദ്യങ്ങൾ ചോദിച്ചെന്നും അവർക്ക് അതിന് അധികാരമുണ്ടെന്നും ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ഗോപാലൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഏത് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. നോട്ടീസ് നൽകിയതു പ്രകാരമാണ് ഇ.ഡി ഓഫിസിലെത്തിയതെന്നും വിളിപ്പിച്ചതെന്തിനെന്നറിയില്ലെന്നും ഇ.ഡി മുമ്പാകെ ഹാജരാകാൻ എത്തിയപ്പോൾ ഗോപാലൻ പറഞ്ഞിരുന്നു. സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. മറ്റ് ക്രമക്കേടുകൾ നടത്തിയിട്ടില്ല. ഇ.ഡി ഒന്നരക്കോടി പിടിച്ചെടുത്തെന്ന് പറയുന്നത് വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.