കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ ഇ.ഡി അന്വേഷണം പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ അതേ പ്രതികളായിരിക്കും ഇ.ഡിയുടെ കുറ്റപത്രത്തിലും ഉണ്ടാവുക. ബി.ജ.പിക്ക് വേണ്ടി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ഫണ്ട് ആണ് കൊടകരയിൽ നിന്ന് കവർന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ. എന്നാൽ ഇ.ഡിയുടെ അന്വേഷണം കവർച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രമായി പോയെന്നും പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
കുഴൽപ്പണ കവർച്ചക്കേസിൽ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് കേരളാ പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് പൊലീസ് ഇ.ഡിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. പണത്തിന്‍റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘവും ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇ.ഡി അന്വേഷണം ഇതിലേക്ക് കൊണ്ടുപോയില്ല. കവര്‍ച്ചയ്ക്ക് ശേഷം പണം ആരുടെ കൈകളിലെത്തി എന്നത് മാത്രമാണ് ഇ.ഡി അന്വേഷിച്ചത്.
ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് കൊടകര കുഴൽപ്പണക്കേസ് വീണ്ടും ഉയർന്നു വന്നത്. 2021 ഏപ്രില്‍ 3 ന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ കടത്തുന്ന കാർ പിന്തുടര്‍ന്ന സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കുഴൽപ്പണമായി എത്തിയത് എന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. ചാക്കുകെട്ടുകളിലാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.