കോട്ടയം: ഡാർക്ക് വെബിലെ മയക്കുമരുന്ന് കച്ചവടക്കാരൻ എഡിസൺ മാത്യുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപ്പുഴ വള്ളക്കാലിപ്പടിയിൽ താമസക്കാരനായ എഡിസൺ മയക്കുമരുന്ന് മാഫിയെ ബന്ധപ്പെട്ട് പ്രവർത്തിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.
മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ എഡിസൺ ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന അറിവാണ് നാട്ടുകാർക്കുള്ളത്. കുറച്ചുനാളായി നാട്ടിലുള്ള എഡിസണെ മകനെ നഴ്സറിൽ കൊണ്ടു പോകുമ്പോഴാണ് സാധാരണയായി നാട്ടുകാർ കാണാറ്. അധികം ആരോടും മിണ്ടാറില്ലെങ്കിലും ഇയാൾ ഇത്രയും വലിയ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമായതിന്റെ അമ്പരപ്പിലാണ് വള്ളക്കാലിപ്പടിയൽ നിവാസികൾ.
ഡാർക്ക് വെബിലൂടെ എഡിസൺ ബാബു 700ഓളം ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിലൂടെ രണ്ട് വർഷത്തിനുള്ളിൽ ഇയാൾ പത്ത് കോടി രൂപ സമ്പാദിച്ചുവെന്നാണ് അനുമാനം. ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പടെയുള്ളവയും കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ ഇയാൾ ഉറക്കത്തിലായിരുന്നു. പരിശോധനയിൽ വീട്ടിലെ ഒരുമുറിയിൽ എൽ.എസ്.ഡി അടക്കമുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ കണ്ടെത്തി. മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ത്രാസ് എന്നിവയും കണ്ടെടുത്തു. പരിശോധനയിൽ വാലറ്റ് അക്കൗണ്ടിൽ ലക്ഷങ്ങളുടെ നിക്ഷേപവും കണ്ടെത്തി. സൗമ്യനായ എഡിസൻ നെറ്റിലൂടെയുള്ള മയക്കുമരുന്ന് വിൽപനക്കാരനാണെന്നറിഞ്ഞത് നാട്ടുകാരെ ഞെട്ടിച്ചു. വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ നിരവധി പേരാണ് വള്ളക്കാലിൽ ജങ്ഷനിലെ വീട്ടിലെത്തിയത്. എന്നാൽ, വീട് പൂട്ടിയ നിലയിലായിരുന്നു.
ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല കെറ്റാമെലോണിന്റെ സൂത്രധാരൻ മൂവാറ്റുപുഴ വള്ളക്കാലിൽ മുടിയക്കാട്ടിൽ എഡിസന് (35) രാജ്യാന്തര ലഹരിസംഘങ്ങളുമായി ബന്ധമെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തി. ലോകത്തെ വൻ എൽ.എസ്.ഡി വിതരണക്കാരനെന്ന് കുപ്രസിദ്ധരായ ഡോ. സ്യൂസിന്റെ ഓൺലൈൻ വിതരണ ശൃംഖലയിൽനിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും കണ്ടെത്തി. ഇത് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൃംഖലയാണ്. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.