തിരുവനന്തപുരം: നിർവഹണത്തിലെ അപാകതമൂലം ഇ-വേ ബിൽ സംവിധാനം വഴി വരുമാന ചോർച്ചയെന്ന് സി.എ.ജി റിപ്പോർട്ട്. രജിസ്ട്രേഷൻ റദ്ദാക്കിയതും റിട്ടേൺ സമർപ്പിക്കാത്തതുമായ നികുതിദായകരെ ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാൻ അനുവദിച്ചതാണ് വരുമാന ചോർച്ചക്ക് കാരണമായത്. ഒരേ ഇൻവോയ്സ് നമ്പറിൽ ഒന്നിലധികം ഇ-വേബില്ലുകൾ ജനററേറ്റ് ചെയ്യുന്ന സ്ഥിതിയുണ്ടായി. ചരക്കുവാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കാനുള്ള നിർദേശം വകുപ്പ് ഉദ്യോഗസ്ഥർ പാലിച്ചില്ല.
കോമ്പോസിഷൻ നികുതിദായകരുടെ സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാനതലത്തിലുമുള്ള ചരക്കുനീക്കം വേർതിരിച്ചറിയാൻ സിസ്റ്റത്തിന് കഴിഞ്ഞില്ല. ഇത് രണ്ട് സാഹചര്യങ്ങളിലും ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യുന്നതിന് കാരണമായി. ‘നിൽ’ റിട്ടേണുകൾ ഫയൽ ചെയ്ത നികുതിദായകർക്ക് തുടർന്നും ഇ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സിസ്റ്റം അനുവദിച്ചത് വരുമാനം ചോരുന്നതിന് വഴിയൊരുക്കി.
അരലക്ഷം രൂപക്ക് മുകളിൽ മൂല്യമുള്ള ചരക്കുകളുടെ അന്തർ സംസ്ഥാനതലത്തിലും സംസ്ഥാനത്തികത്തുമുള്ള നീക്കം പിന്തുടരുന്നതിന് കൊണ്ടുവന്ന ഇ-വേ ബിൽ 2018 ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളേയും നിയോഗിച്ചിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തുടർ നപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നതിലും അനാസ്ഥയുണ്ടായി. ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട കേസുകൾ 2018-19ലെ 52.65 ശതമാനത്തിൽനിന്ന് 2021-22ൽ 59.23 ശതമാനമായി ഉയർന്നു. ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാത്ത നികുതിദായകരെ തിരിച്ചറിയുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.