ഇ- ഗ്രാന്റ്സ് സർക്കാരിന്റെ ഔദാര്യമല്ല, വിദ്യാർഥികളുടെ അവകാശമാണ് -ഫ്രറ്റേണിറ്റി മൂവ്മെൻറ്

തിരുവനന്തപുരം: പിന്നോക്ക വിഭാത്തിൽപ്പെട്ട പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്കുള്ള ഇ -ഗ്രാന്‍റും സ്കോളർഷിപ്പുകളും ഉൾപ്പെടെ ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശ്റീഫ് കെ.പി ഉദ്ഘാടനം ചെയ്തു.

ഒരു വർഷത്തിലേറെയായി വിദ്യാർഥികൾക്ക് ഇ-ഗ്രാൻഡ്സ് ലഭിക്കുന്നില്ല. എസ്.സി-എസ്.ടി വിദ്യാർഥികളുടെ ഉന്നത പഠനത്തിനുള്ള ഏകാശ്രമായ സർക്കാറിന്റെ സാമ്പത്തിക സഹായമാണ് മുടങ്ങിയത്. പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുവാനും, വിവിധ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുമായി നൽകപ്പെടുന്ന സാമ്പത്തിക പദ്ധതികൾ അടക്കമുള്ളവ സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന് തശ്റീഫ് കെ.പി പറഞ്ഞു. 

വിദ്യാർഥികൾ ഫീസ് അടച്ചിട്ട് മാസങ്ങളായി. സ്വന്തം നാടുവിട്ട് ഉന്നത പഠനത്തിനായി മറ്റിടങ്ങളിൽ എത്തിയ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസും മുടങ്ങി. ഫീസ് അടക്കണമെന്ന് കോളജ് അധികൃതർ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർക്ക് പഠനം ഉപേക്ഷിച്ചു പോവുകയല്ലാതെ മറ്റു വഴിയില്ലാത്ത അവസ്ഥയിൽ ആണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പട്ടിക-ജാതി പട്ടിക-വർഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റുകൾ കാലോചിതമായി വർധിപ്പിക്കണമെന്നും വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് തുകകൾ കുടിശ്ശിക സഹിതം ഉടനടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ വിദ്യാർഥി-യുവജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും അംജദ് റഹ്മാൻ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി നിശാത്ത് എം.എസ് സ്വാഗതവും അഡ്വ.അലി സവാദ് നന്ദിയും പറഞ്ഞു. ഫൈസൽ, സലാഹ്, ഷജറീന, തസ്‌മീർ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - e-grantz is not a government bounty but a right of students - Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.