പ്രകടനത്തിനിടെ യു.ഡി.എഫ്​ വളന്‍റിയർമാർ വാഹനം തടഞ്ഞ് കുടുംബത്തെ ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി (മലപ്പുറം): ദേശീയപാതയിലെ വെന്നിയൂരിൽ പ്രകടനത്തിനിടെ യു.ഡി.എഫ് വളൻറിയർമാർ വാഹനം തടഞ്ഞ് ആക്രമി​ച്ചതായി പരാതി. സംഭവത്തിൽ എസ്.പിയുടെ നിർദേശപ്രകാരം തിരൂരങ്ങാടി പൊലീസ് കേസെടുത്തു. കാസർകോട് പടന്ന സ്വദേശി മുഹമ്മദ് നിയാസാണ് മുഖ്യമന്ത്രിക്കും തിരൂരങ്ങാടി പൊലീസിലും പരാതി നൽകിയത്. കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രാമധ്യേ ദേശീയപാത വെന്നിയൂരിൽ രാത്രി 9.20ഓടെയായിരുന്നു സംഭവം.

പ്രകടനത്തിൽ പങ്കെടുത്ത, വളൻറിയർ യൂനിഫോം ധരിച്ചെത്തിയ കുറച്ചുപേർ നിയാസും സുഹൃത്തും കുടുംബവും സഞ്ചരിച്ച വാഹനം ആക്രമിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രകടനം നടക്കുന്നതിനാൽ വളരെ പതുക്കെയാണ് വാഹനങ്ങൾ കടന്നുപോയത്.

ഇതിനിടെ ഒരു വളൻറിയർ ഇടതുവശം ചേർന്നുപോകാൻ പറഞ്ഞതുപ്രകാരം ഇടത്തേക്ക് തിരിയുമ്പോൾ മറ്റൊരു വളൻറിയർ ബോണറ്റിൽ ശക്തമായി അടിക്കുകയും വണ്ടി തടയുകയും ചെയ്തു. ഷർട്ടിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും പിറകിലിരിക്കുന്ന സ്ത്രീകളെയടക്കം അസഭ്യംപറയുകയും ചെയ്തു.

ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞിട്ടും അവരും കുട്ടികളും കരഞ്ഞുനിലവിളിച്ചിട്ടും അതൊന്നും വകവെക്കാതെ വണ്ടിയുടെ നാലുഭാഗത്തുനിന്നും അടിക്കുകയും ഭീതിജനകമായ അവസ്ഥയുണ്ടാക്കുകയും ചെയ്തെന്നും വാഹനത്തി​െൻറ പിറകുവശം അടിച്ചുതകർത്തെന്നും പരാതിയിൽ പറഞ്ഞു. 

Tags:    
News Summary - During the demonstration, UDF volunteers blocked the vehicle and attacked the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.