പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫൻഡർ വിട്ടുനല്‍കണം; കസ്റ്റംസിന് അപേക്ഷ നല്‍കി ദുല്‍ഖര്‍

കൊച്ചി: ഓപറേഷൻ നുംഖോറിന്‍റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തന്‍റെ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ അപേക്ഷ നൽകി. ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനാണ് അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റി അഡീഷനൽ കമീഷണർ പരിഗണിക്കും.

നേരത്തെ ദുൽഖറിന്‍റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈകോടതി കസ്റ്റംസിന് നിർദേശം നൽകിയിരുന്നു. ഹൈക്കോടതിയിൽ ദുൽഖറിനെതിരെ കസ്റ്റംസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് അഭിഭാഷകൻ മുഖേന ദുൽഖർ അപേക്ഷ നൽകിയിരിക്കുന്നത്. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.

മലയാള നടന്മാർ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഭൂട്ടാനില്‍നിന്ന് നികുതിവെട്ടിച്ച് വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് താരങ്ങളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ദുൽഖറിന്റെ നിസാൻ പട്രോൾ, ഡിഫൻഡർ, ലാൻഡ് ക്രൂയിസർ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നത്. അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ നികുതി വെട്ടിപ്പും കണ്ടെത്തിയെന്നാണ് കമീഷണർ മാധ്യമങ്ങളെ അറിയിച്ചത്. കസ്റ്റംസിന്‍റെ പരിശോധനക്ക് പിന്നാലെ ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിലടക്കം 17 ഇടങ്ങിൽ ഒരേസമയം ഇ.ഡിയും റെയ്ഡ് നടത്തിയിരുന്നു. മമ്മൂട്ടി ഹൗസ് എന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും പരിശോധന നടന്നിരുന്നു.

സ്വർണപ്പാളി വിവാദം മുക്കാനാണ് സിനിമക്കാരെ വലിച്ചിഴച്ചതെന്ന് സംശയമുണ്ട് -സുരേഷ് ഗോപി

ദുൽഖർ സൽമാൻ അടക്കമുള്ള നടന്മാരുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിനെ വിമർശിച്ച് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനായാണ് സിനിമക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴച്ചതെന്ന് സംശയമുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 'സ്വർണത്തിന്‍റെ വിഷയം മുക്കാൻവേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതിനെ കുറിച്ച് എൻ.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിനാൽ കേന്ദ്രമന്ത്രിസഭയിൽ ഇരുന്ന് ഒന്നും പറയുന്നില്ല. ഈ സർക്കാറിനെ (പിണറായി സർക്കാർ) ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന് പറയുന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നു കൊണ്ടിരിക്കുന്നത്. ഇനിയും വരും കഥകൾ' -സുരേഷ് ഗോപി പറഞ്ഞിരുന്നു.

Tags:    
News Summary - Dulquer Salmaan requests customs to release seized vintage Land Rover Defender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.