ആലുവ: മദ്യപിച്ച് വാഹനമോടിച്ച അഞ്ച് ഡ്രൈവർമാർ പൊലീസ് പിടിയിൽ. റൂറൽ എസ്. പിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ വാഹമോടിച്ച ഡ്രൈവർമാർ പിടിയിലായത്.
ബുധനാഴ്ച രാവിലെ ഏഴുമണി മുതൽ 11 മണിവരെ ടൗൺ ഹാൾ പരിസരത്താണ് പരിശോധന നടന്നത്. ഇടപ്പള്ളി സ്വദേശി ബിനോയ്, എടത്തല സ്വദേശി മനു, ഫോർട്ടു കൊച്ചി സ്വദേശി ബിജു എന്നിവരെ ആലുവ ഈസ്‌റ്റ് പ്രിൻസിപ്പൽ എസ്.ഐ എം.എസ്.ഫൈസൽ അറസ്‌റ്റ് ചെയ്തു.
ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ ബിജു, നഗരത്തിലെ ഓട്ടോ ഡ്രൈവർ പ്രസാദൻ എന്നിവരെ ട്രാഫിക് എസ്.ഐ കെ.ടി.മുഹമ്മദ് കബീർ അറസ്‌റ്റ് ചെയ്തു. വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കോടതിയിൽ ഹാജരാക്കും. വാഹന പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഡ്രൈവർമാരുടെ ലൈസൻസുകൾ ആറുമാസം വരെ സസ്പെൻറ് ചെയ്യുമെന്ന് ആലുവ ജോ.ആർ.ടി.ഒ അയ്യപ്പൻ പറഞ്ഞു.
നഗരത്തിലും പരിസരങ്ങളിലും വാഹനാപകടങ്ങൾ വർദ്ദിച്ചതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. പല അപകടങ്ങൾക്കും പിന്നിൽ ഡ്രൈവർമാരുടെ മദ്യപാനവും മറ്റുലഹരി ഉപയോഗങ്ങളുമാണെന്നാണ് ആരോപണമുള്ളത്. ലൈസൻസില്ലാത്ത, കൗമാരക്കാരടക്കമുള്ള പലരും ബസുകൾ അടക്കം ഓടിക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ വാഹനാപകടങ്ങളിൽ ആറുപേരാണ് മരിച്ചത്. ബസ് ഡ്രൈവർമാരടക്കമുള്ളവർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.