ആലപ്പുഴ: ഒരു കോടി രൂപയുടെ ലഹരിക്കടത്ത് കേസില്‍ സി.പി.എം നേതാവ് എ. ഷാനവാസിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. കരുനാഗപ്പള്ളിയിൽ വെച്ച് ഷാനവാസിന്‍റെ ലോറിയിൽ കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതിനോടനുബന്ധിച്ചാണ് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്. പാർട്ടി ഇയാൾക്കെതിരെ അന്വേഷണത്തിന് മൂന്നംഗ കമീഷനെ നിയോഗിച്ചിരിക്കെ, കേസിൽ ഷാനവാസിനെ പൊലീസ് പ്രതിയാക്കിയിട്ടില്ല. സംഭവത്തിലെ ദുരൂഹത കണക്കിലെടുത്ത് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഷാനവാസിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും മുഖ്യപ്രതിയായ ബ്രാഞ്ച് കമ്മിറ്റി അംഗം ഇജാസ് ഇക്ബാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.
ഷാനവാസിന് ക്രിമിനല്‍-ക്വട്ടേഷന്‍-ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലെന്നും കണ്ടെത്തലുണ്ട്. കരുനാഗപ്പള്ളിയില്‍ പിടിയിലായ ലോറി അടക്കം നാലു വാഹനങ്ങളുണ്ടെന്നും ഷാനവാസിന്‍റെ നേതൃത്വത്തിൽ ക്രിമിനൽ ക്വട്ടേഷന്‍ ഇടപാടുകളുണ്ടെന്നും ഇത്തരം സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഇതിൽ ആരോപിക്കുന്നു. ഇയാൾക്ക് എ.ടി.എം സ്ഥാപിക്കുന്നതിനും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനും സ്ഥലമേറ്റെടുത്ത് കൊടുക്കുന്ന ഇടപാടുമുണ്ട്.
ഷാനവാസിന്‍റെ ബിനാമിയാണ് ഇജാസ്. കൊലപാതകം അടക്കം കേസുകളില്‍ പ്രതിയായ കോഴഞ്ചേരി സ്വദേശിയായ ഷാരോണ്‍ എന്ന ഗുണ്ടക്ക് 15,000 രൂപ ചെലവില്‍ ഷാനവാസ് വീടെടുത്ത് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടില്‍ ഇടനില നിന്ന് വിഹിതം വാങ്ങി, റിയൽ എസ്റ്റേറ്റ് -ബിനാമി ഇടപാടുകളിൽ മുടക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് സമ്പത്ത് ഉണ്ടാക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലോറി തന്‍റേതാണെങ്കിലും വാടകക്ക് നൽകിയിരിക്കുകയാണെന്നും ലഹരിക്കടത്തിൽ ബന്ധമില്ലെന്നുമാണ് പാർട്ടി ജില്ല സെക്രേട്ടറിയറ്റിൽ ഷാനവാസ് ന്യായീകരിച്ചത്. വാടക കരാർ പൂർണമായിരുന്നില്ലെന്നതടക്കം കരാർ എടുത്തതായി പറയുന്ന പി.എസ്. ജയന്‍റെ വിലാസത്തിലും വ്യത്യാസമുണ്ടായിരുന്നു. എന്നിട്ടും പാർട്ടിയിലെ പ്രബല വിഭാഗത്തിന്‍റെ ഇടപെടലിലാണ് മന്ത്രി സജി ചെറിയാൻ പങ്കെടുത്ത ജില്ല സെക്രേട്ടറിയറ്റ് യോഗം ഷാനവാസിനെ പുറത്താക്കണമെന്ന ആവശ്യം തള്ളിയത്. ഷാനവാസിനെതിരെ കേസ് എടുക്കുന്നതും ഇതോടെ തുലാസിലായി. അതിനിടെയാണ് പൊലീസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.