തിരുവനന്തപുരം: കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സുപ്രധാന പദവികളിൽ വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള സർക്കാർ ശ്രമം ഗവർണർ രാജേന്ദ്ര ആർലേക്കർ തടഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ, പി.എസ്.സി അംഗം, തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ, വിവരാവകാശ കമീഷണർ എന്നീ പദവികളിലേക്ക് സർക്കാർ ശിപാർശ ചെയ്ത പേരുകളാണ് അംഗീകരിക്കാതെ ഗവർണർ തടഞ്ഞുവെച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിലവിലെ നിയമസെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ജി. സനൽ കുമാറിനെ നിയമിക്കാൻ ശിപാർശ ചെയ്തത്. എന്നാൽ, ജുഡീഷ്യൽ സർവിസിലുള്ളയാളെ മറ്റൊരു തസ്തികയിൽ നിയമിക്കുന്നതിന് ഹൈകോടതിയുടെ അനുമതിയില്ലെന്ന സാങ്കേതികത്വത്തിൽ ശിപാർശക്ക് ഗവർണർ അംഗീകാരം നൽകിയിട്ടില്ല.
പി.എസ്.സി മെമ്പർ സ്ഥാനത്തേക്ക് സർക്കാർ ശിപാർശ ചെയ്ത കോൺഗ്രസ്-എസ് പ്രതിനിധി ഐ. ശിഹാബുദ്ദീൻ, സി.പി.ഐ പ്രതിനിധി അജയകുമാർ എന്നിവരുടെ നിയമനവും ഗവർണർ അംഗീകരിച്ചില്ല. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിച്ചില്ലെന്ന കാരണത്താലാണ് പി.എസ്.സി അംഗങ്ങളായി നിയമിക്കാനുള്ള ശിപാർശ അംഗീകരിക്കാത്തത്.
സംസ്ഥാന വിവരാവകാശ കമീഷണറായി അഡ്വ. ഹരിലാലിനെ നിയമിക്കാൻ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി നടത്തിയ ശിപാർശ ചട്ടവിരുദ്ധമാണെന്ന് ഗവർണർ കണ്ടെത്തി അംഗീകാരം നൽകിയിട്ടില്ല. റിട്ട. ജസ്റ്റിസ് ബാബു മാത്യു ജോസഫിനെ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാനുള്ള തീരുമാനവും ഗവർണർ അംഗീകരിച്ചില്ല. ലോകായുക്ത പദവിയിലിരുന്നതിനാൽ പുനർ നിയമനത്തിനുള്ള വിലക്ക് ചൂണ്ടിക്കാട്ടിയാണിത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇനി നിയമനങ്ങൾ നടത്താൻ കഴിയില്ലെന്ന പ്രശ്നവും ഉയർന്നുവന്നിട്ടുണ്ട്. നിയമനങ്ങൾ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ അവസാനകാലത്ത് നടത്തിയ ഇത്തരം നിയമന ശിപാർശകൾ അന്നത്തെ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം അംഗീകരിക്കാതെ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.