കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കാൻ സെൽ രൂപവത്കരിക്കും -മന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന് കീഴിൽ കാർബൺ സെൽ രൂവത്കരിക്കണമെന്ന മന്ത്രി ടി. സിദ്ദിഖിന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു.
കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം നൽകുന്നതിനൊപ്പം കാർഷിക മേഖലയിലെ കാർബൺ സംഭരണശേഷി വർധിപ്പിക്കാനും കാർബൺ ക്രെഡിറ്റ് സംവിധാനത്തിലൂടെ കർഷകർക്ക് അധിക വരുമാനസാധ്യത സൃഷ്ടിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു. 2365 കോടി രൂപയാണ് കേര പദ്ധതി വഴി കാർഷിക കേരളത്തിന് ലഭ്യമാക്കുക. പദ്ധതിക്കായി അനുവദിച്ച ഫണ്ട് കൂടുതൽ കാര്യക്ഷമമായും ഊർജിതമായും വിനിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ലോകബാങ്ക് മിഷൻ സംഘം ഈമാസം 13 വരെ കേരളത്തിൽ തുടരും. ഈ കാലയളവിൽ കേര പദ്ധതി നടപ്പാക്കുന്ന വിവിധ പ്രദേശങ്ങൾ സംഘം സന്ദർശിച്ച് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തും.
ലോകബാങ്ക് പ്രതിനിധികളായ ആദർശ്, ചാരുലത ശർമ്മ, അഗ്രി പ്രൊഡക്ഷൻ കമീഷണറും കേര പ്രോജക്ട് ഡയറക്ടറുമായ മിൻഹാജ് ആലം , കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി ടി. വി. സുഭാഷ്, സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് നാഗേഷ്, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ സപ്ന, സുരേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.