അമ്മയും മകളുമുൾപ്പെടെ നാല്​ പേർ ക്വാറിയിൽ മുങ്ങി മരിച്ചു

കുന്നംകുളം: വിഷുദിനത്തിൽ അഞ്ഞൂർ കുന്നിലെ ക്വാറിയിൽ അമ്മയും മകളും ഉൾ​െപ്പടെ നാല്​ പേർ മുങ്ങി മരിച്ചു. അഞ്ഞൂർക്കുന്ന് പാക്കത്തുവീട്ടിൽ പ്രകാശ​​​െൻറ ഭാര്യ സീത (45), മകൾ പ്രതിക (13), അയൽക്കാരി രായ്മരക്കാർ വീട്ടിൽ മുഹമ്മദി​​​െൻറ മകൾ സന (13), ചേലക്കര വാരിക്കാട്ടിൽ അനസി​​​െൻറ മകൻ ആഷിം (ഏഴ്​) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് വീടിനു സമീപത്തെ ക്വാറിയിലേക്ക് സീതയും മകൾ പ്രതികയും തുണി കഴുകാൻ വീട്ടിൽ നിന്ന് പോയത്. ഇടക്ക്​ അയൽക്കാരി സനയും വിരുന്നെത്തിയ ആഷിമും ഇവരുടെ കൂടെ കൂടി. ആഷിം കാൽ വഴുതിവീണ് മുങ്ങി പോകുന്നത് കണ്ട് രക്ഷിക്കാൻ നടത്തിയ ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് കരുതുന്നു. 

വൈകിട്ട് ആറോടെ നാട്ടുകാരനായ വിനോദ് കുളിക്കാനെത്തിയപ്പോഴാണ് വസ്ത്രവും ചെരുപ്പും മൊബൈൽ ഫോണും കണ്ടത്. ക്വാറിയിൽ ആരെയും കാണാൻ കഴിയാതെ വന്നതോടെ തിരിച്ചോടി സമീപ വീട്ടുകാരോട് തിരക്കുകയായിരുന്നു. അപ്പോഴാണ് സീതയും മറ്റു മൂന്നു കുട്ടികളും കുളത്തിലേക്ക് പോയ വിവരമറിയുന്നത്. ഉടൻ സീതയുടെ വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് തിരിച്ചെത്തിയില്ലെന്ന വിവരമറിയുന്നത്. ഓടിക്കൂടിയ നാട്ടുകാരും രാത്രി 7.10 ഓടെ എത്തിയ കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 

സീതയുടെയും സനയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി​ പ്രതികയുടെയും ഒടുവിൽ ആഷിമി​​​െൻറയും മൃതദേഹങ്ങൾ കണ്ടെത്തി. തുണി കഴുകാൻ ഇറങ്ങിയ സ്ഥലത്ത് നിന്ന് 10 അടി വ്യത്യാസത്തിലാണ് നാല്​ പേരുടെയും മൃതദേഹങ്ങൾ ഒരേ സ്ഥലത്തു നിന്ന് 25 അടിയോളം താഴ്ചയിൽ നിന്ന്​ കണ്ടെടുത്തത്. സീതക്കും മകൾക്കും നല്ലപോലെ നീന്തൽ അറിയാം. സനക്കും നീന്തൽ വശമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

സനയുടെ മാതാവ് ബുഷറ സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയാണ്​. ബുഷറയുടെ സഹോദരിയുടെ മകൾ സഫ്നയുടെ മകനാണ് മരിച്ച ആഷിം. അവധിക്കാലം ആഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് സനയുടെ വീട്ടിലെത്തിയത്. പ്രതിക തൊഴിയൂർ സ​​െൻറ്​ ജോർജ്സ്​ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയും സന കുന്നംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. മുള്ളൂർക്കര കിള്ളിമംഗലം അൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്​ ആഷിം. സഹോദരി ഹസ്ന. മരിച്ച സനയുടെ സഹോദരൻ സഹദ്.

അഞ്ഞൂർക്കുന്നിൽ കരിനിഴലായ വിഷു ദിനം
കുന്നംകുളം: ദുരന്തത്തി​​​െൻറ ഭീതിയിൽനിന്ന് കരകയറാനാകെ തേങ്ങുകയാണ് ഒരു ഗ്രാമം മുഴുവൻ. വിഷു ആഘോഷത്തിരക്കിനിടെ ആ വാർത്ത ഇടിവെട്ടുപോലാണ്​ അവർ കേട്ടത്​. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാർ അപകടം നടന്ന ക്വാറിയിലേക്ക് പാഞ്ഞെത്തി. അഞ്ഞൂർക്കുന്നിലെ ലക്ഷംവീട് കോളനിയിൽ തൊട്ടടുത്ത വീടുകളിൽ താമസിച്ചിരുന്നവരായിരുന്നു പാക്കത്ത്​ സീത, മകൾ പ്രതിക, രായ്മരക്കാർ വീട്ടിൽ സന, ബന്ധുവായ ചേലക്കര സ്വദേശി ആഷിം എന്നിവർ. ഉച്ചഭക്ഷണത്തിന് ശേഷം കളിച്ചും ചിരിച്ചും സൗഹൃദം പങ്കിട്ടും സമയം ചെലവഴിച്ച ഇവർ കഴുകാനുള്ള വസ്ത്രങ്ങളുമായി ക്വാറിയിലേക്ക്  പോകുന്നത്​ പലരും കണ്ടിരുന്നു. പിന്നീട്​ അറിഞ്ഞത്​ ദുരന്തവാർത്തയായിരുന്നു.

വസ്ത്രങ്ങളും മറ്റും കണ്ടതോടെ കൂട്ടം കൂട്ടമായി ഓടിയെത്തിയവർ ക്വാറിയിൽ തിരച്ചിൽ തുടങ്ങി. സന്ദേശം ലഭിച്ചതോടെ ഫയർഫോഴ്​സ്​ എത്തി. ഒപ്പം പൊലീസ് സംഘവും. വിവരമറിഞ്ഞ് മന്ത്രി എ.സി. മൊയ്തീൻ, തഹസിൽദാർ ബ്രീജാകുമാരി, സബ് കലക്​ടർ തുടങ്ങിയവരും സ്ഥലത്തെത്തി. രാത്രി എട്ടരയോടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ബെന്നി മാത്യു, ഷിയാസ്, ജിജു സുമിത്രൻ, ലീഡിങ്ങ് ഫയർമാൻ മുരളീധരൻ, അനീഷ്, വിഷ്ണുദാസ്, ഹരികൃഷ്ണൻ, അബ്​ദുൽ റഹ്​മാൻ, ജോബിൻ എന്നിവർ ചേർന്ന്​ മൃതദേഹങ്ങൾ പുറത്തെടുത്തത്. പിന്നീട് റോയൽ ആശുപത്രിയിലേക്ക് മാറ്റി. 

തിങ്കളാഴ്ച രാവിലെ കുന്നംകുളം താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്​റ്റുമാർട്ടം. മൂന്നു മണിക്കൂറുകൾക്ക് ശേഷം രാവിലെ പതിനൊന്നോടെ നാല്​ മൃതദേഹങ്ങളും വ്യത്യസ്ത ആംബുലൻസുകളിലായി അഞ്ഞൂർക്കുന്നിൽ കൊണ്ടുവന്നു. പിന്നീട് അഞ്ഞൂർക്കുന്ന് മൈതാനത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വെച്ചു. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ അവിടെയെത്തി.

സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എൻ. പ്രതാപൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, ഒ. അബ്​ദുറഹ്​മാൻ കുട്ടി, ​േജാസഫ് ചാലിശേരി, നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ടി.കെ. വാസു, എം.എൻ. സത്യൻ തുടങ്ങി ഒട്ടനവധി പേർ സ്ഥലത്തെത്തി. ആഷിമി​​​െൻറ മൃതദേഹം പിന്നീട് ചേലക്കരയിലേക്ക് കൊണ്ടുപോയി. മറ്റു മൃതദേഹങ്ങൾ വീടുകളിലേക്ക് മാറ്റി. ഒരുമണിക്കൂറിന്​ ശേഷം സീത, പ്രതിക എന്നിവരുടെ മൃതദേഹങ്ങൾ നഗരസഭ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. സനയുടെ മൃതദേഹം തൊഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.

Tags:    
News Summary - drowning death in thrissur- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.