ഓട്ടോമാറ്റിക് ട്രാക്ക് സംവിധാനം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ട്രാക്ക് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോയെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

മതിയായ ടെസ്റ്റ് ട്രാക്ക് സംവിധാനം ഇല്ലാതെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് ട്രാക്ക് സംവിധാനം നിര്‍ബന്ധമാക്കിയ ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് തൃശൂര്‍ സ്വദേശി കെ.എന്‍. മോഹനന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

കോഴിക്കോട്, പേരാവൂര്‍, പാറശ്ശാല എന്നിവിടങ്ങളില്‍ മാത്രമേ നിലവില്‍ ടെസ്റ്റ് ട്രാക്ക് സംവിധാനമുള്ളൂവെന്ന് ഹരജിയില്‍ പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ‘എട്ടും’ നാലു ചക്ര വാഹങ്ങള്‍ക്കായി ‘എച്ചും’ പരിശോധകര്‍ക്ക് മുന്നില്‍  ഓടിച്ചു കാണിച്ചാലാണ് ലൈസന്‍സ് അനുവദിക്കുക. ഇത് കമ്പ്യൂട്ടര്‍വത്കരിച്ച് ടെസ്റ്റില്‍ അപേക്ഷകര്‍ പാസായോ എന്ന് നിര്‍ണയിക്കുന്നതാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്. ഇതുവരെ പരിശോധകര്‍ നേരിട്ട് നിരീക്ഷിച്ചായിരുന്നു ടെസ്റ്റ് നിര്‍ണയിച്ചിരുന്നത്.
സംസ്ഥാനത്ത് വാടകയ്ക്കെടുത്ത നൂറിലധികം സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാല്‍, സര്‍ക്കുലര്‍ പ്രാബല്യത്തിലായതോടെ സര്‍ക്കാറിന്‍െറ തന്നെ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന മൂന്നിടത്ത് മാത്രമേ ടെസ്റ്റ് നടത്താനാവൂ എന്ന സ്ഥിതിയാണുള്ളത്.

ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞവരെയടക്കം പുതിയ സര്‍ക്കുലര്‍ പ്രതികൂലമായി ബാധിക്കും. വേണ്ടത്ര പഠനം നടത്താതെയും ആസൂത്രണമില്ലാതെയുമാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു.

 

Tags:    
News Summary - driving test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.