തിരുവനന്തപുരം: ചക്രക്കസേരയിലിരുന്ന് തിരൂരങ്ങാടി വെള്ളിലക്കാട് ഗ്രാമത്തിൽ അക്ഷരവെളിച്ചം തൂകിയവൾ രാജ്യത്തിൻറെയാകെ അഭിമാനമായ അഗ്നിച്ചിറകായി ഉയർന്നതാണ് കെ വി റാബിയയുടെ ചരിത്രമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ഭിന്നശേഷി ക്ഷേമ പ്രവർത്തന മേഖല ഇന്നത്തെ നിലയിലേക്ക് വികസിക്കുന്നതിനു മുമ്പു തന്നെ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഭിന്നശേഷിക്കുഞ്ഞുങ്ങൾക്കായി സ്‌പെഷ്യൽ സ്‌കൂളുകളും സാമൂഹ്യാധിഷ്‌ഠിത പുനരവധിവാസ പദ്ധതികളുമടക്കമുള്ള ഭാവന നിറഞ്ഞ പ്രവർത്തനങ്ങൾക്ക് റാബിയ തുടക്കമിട്ടു.
കടലുണ്ടിപ്പുഴയുടെ തീരത്തെ മൺപാത്രത്തൊഴിലാളികളെയാണ് തൻ്റെ സാക്ഷരതാ പ്രവർത്തനങ്ങളിൽ ഏറ്റവുമാദ്യം അക്ഷരമെത്തിക്കാൻ തിരഞ്ഞെടുത്തത്. അതേ നാട്ടിൽ തൻ്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായി കുടിവെള്ളവും വൈദ്യുതിയുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളെത്തിച്ചേരുന്നതിലും ഈ പ്രതിഭയാണ് വഴിവെളിച്ചമായത്. ഇന്നോർക്കുമ്പോൾ അതിശയത്തോടെയേ ആ നേതൃപ്രവർത്തനങ്ങളെ കാണാനാകൂ.
കോട്ടക്കൽ ആശുപത്രിയിൽ രോഗബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രിയ റാബിയയെ അടുത്തിടെ സന്ദർശിച്ചപ്പോളും മണ്ണിടിച്ചിൽ അടക്കമുള്ള ജനങ്ങളുടെ പ്രശ്നങ്ങളാണ് സംസാരിച്ചത്. ഇത്രമാത്രം ആദർശപ്രചോദിതയായി ജീവിതകാലം മുഴുവൻ ഉദിച്ചുനിന്ന പത്മശ്രീ കെ.വി.റാബിയക്ക് ആദരാഞ്ജലികൾ - മന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.