സുന്നി പ്രവർത്തകർ അക്രമങ്ങൾക്ക് അതേ രീതിയിൽ മറുപടി നൽകരുത് -എ.പി അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുതെന്ന് എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്‍റും കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ മകനുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. രാഷ്ട്രീയ കൊലപാതകങ്ങൾ നിർത്തേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ക്രിമിനലുകളായ പ്രവർത്തകർ പാർട്ടികളിൽ വളർന്നു വരുകയും നിഷ്കളങ്കരായ യുവാക്കളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം അക്രമികളെ പിന്തുണക്കുന്നത് വഴി പാർട്ടികൾ ക്രൂരകൃത്യത്തെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും അബ്ദുൽ ഹകീം അസ്ഹരി ചൂണ്ടിക്കാട്ടി.

പ്രതികളെ രാഷ്ട്രീയ പാർട്ടികൾ പണവും അധികാരവും കൊണ്ട് സംരക്ഷിക്കുന്നതാണ് കേരളം കണ്ടുവരുന്നത്. ഇത്തരം പ്രവർത്തികൾ തുടർന്നാൽ നാട്ടിൽ സമാധാനം ഉണ്ടാവില്ല. വരും തലമുറ ഇത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു തെറ്റിലും ഉൾപ്പെടാത്ത പാവപ്പെട്ട ചെറുപ്പക്കാരാനാണ് കാഞ്ഞങ്ങാട് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഭാഗവാക്കായി എന്ന തെറ്റ് മാത്രമാണ് അബ്ദു റഹ്മാൻ ഔഫ് ചെയ്തത്. ഗർഭിണിയായ ഭാര്യയുടെ ചികിത്സക്ക് വേണ്ടി സുഹൃത്തിൽ നിന്ന് പണം വാങ്ങി വരവെയാണ് ഔഫ് ആക്രമിക്കപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു.

ഇസ് ലാമിന് വേണ്ടി പ്രവർത്തിച്ചെന്ന കാരണത്തിൽ സുന്നി പ്രവർത്തകർക്ക് നേരെ ഉണ്ടായിട്ടുള്ള ക്രൂരകൃത്യങ്ങൾ ഒരു ഡസനിലേറെയായി. സുന്നി പ്രവർത്തകർ അക്രമങ്ങൾക്ക് അതേ രീതിയിൽ മറുപടി നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. നന്മ കൊണ്ട് മാത്രം പ്രതിരോധിക്കുന്ന രീതിയാണ് ഖുർആനും മുഹമ്മദ് നബി‍യും പഠിപ്പിച്ചിട്ടുള്ളതെന്നും അബ്ദുൽ ഹകീം അസ്ഹരി വ്യക്തമാക്കി.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.