‘വിദ്വേഷ വിഷം കലയാക്കുന്ന ഈ ടീച്ചർ നന്നാകുന്ന ലക്ഷണമില്ല’ -അങ്കണവാടി ബിരിയാണിയിൽ വിദ്വേഷ പരാമർശം നടത്തിയ ശശികലക്കെതിരെ ഡോ. ജിന്റോ ജോൺ

കൊച്ചി: ബിരിയാണിയിൽ പോലും വർഗീയത തെരെയുന്ന വിദ്വേഷ വിഷം കലയാക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്ക് അങ്കണവാടി പിള്ളേർ മതേതര ക്ലാസ്സെടുക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. അങ്കണവാടിയിൽ ബിരിയാണി വേണമെന്ന് ആവശ്യ​പ്പെട്ട വിദ്യാർഥിയെ അവഹേളിക്കുന്ന തരത്തിൽ ശശികല ഇന്നലെ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. ഇതിനെതിരെയാണ്

‘ഇതൊരു അലവലാതി അമ്മാമ്മ ആണെന്നത്രേ അങ്കണവാടി പിള്ളേർ പറയുന്നത്! ബിരിയാണിയിൽ പോലും വർഗീയത തെരെയുന്ന വിദ്വേഷ വിഷം കലയാക്കുന്ന ഈ ടീച്ചർക്ക് അങ്കണവാടി പിള്ളേർ മതേതര ക്ലാസ്സെടുക്കേണ്ടി വരും. നന്നാകുന്ന ലക്ഷണമില്ല. എന്നാലും നേർവഴി ശിക്ഷണം ആകാമല്ലോ. എങ്ങനെ ആകരുത് എന്ന് പിള്ളേർക്ക് കണ്ടുപഠിക്കാമല്ലോ. അങ്ങനെയെങ്കിലും മനുഷ്യകുലത്തിന് ഒരു നന്മ സംഭവിച്ചാലോ’ -ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ച് ബിരിയാണി ഉൾപ്പെടുത്തുമെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദേവികുളം പഞ്ചായത്തിലെ ഒന്നാം വാർഡ് അങ്കണവാടിയിലെ പ്രജുൽ എസ്. സുന്ദർ എന്ന ശങ്കുവിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാനത്തെ അങ്കണവാടികളിൽ ബിരിയാണി നൽകാൻ സർക്കാർ തീരുമാനിച്ചത്. പുതിയ മെനുവില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തി. രണ്ടുദിവസം കൊടുത്തിരുന്ന പാല്‍ മൂന്ന് ദിവസമാക്കി ഉയര്‍ത്തി. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരമാണ് മെനു പരിഷ്‍കരിച്ചത്.

ഇതിനെതിരെയാണ് കുട്ടിയെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക് കുറിപ്പുമായി ശശികല രംഗത്തുവന്നത്.‘ബിർണാണി ടെ കാര്യം തീരുമാനമായി. നാളെ ഏതെങ്കിലും ഹൈസ്കൂൾ വിരുതൻ ദിവസത്തിലിത്തിരി കഞ്ചാവ് / രാസൻ സ്കൂളിൽ നിന്ന് തന്നാലെന്താ ന്ന് ചോദിക്കാണ്ടിരുന്നാൽ മതിയായിരുന്നു’ എന്നാണ് ശശികല ഫേസ്ബുക്കിൽ കു​റിച്ചത്. മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഈ അധിക്ഷേപം.

‘ഞങ്ങൾ കഴിക്കുന്നത് ഞങ്ങൾ ചോദിച്ചു. ടീച്ചർ കഴിക്കുന്നത് ടീച്ചറും ചോദിച്ചു. അതിനെന്താ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ വിഷമായി ഇവരെ ജനം വിലയിരുത്തുന്ന കാലം വിദൂരമല്ല’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിനിടെ, അങ്കണവാടി മെനു പരിഷ്‌കരിച്ച് ബിരിയാണി ഉൾപ്പെടുത്തിയതിന് മന്ത്രിക്ക് നന്ദി പറഞ്ഞ് കുഞ്ഞുശങ്കു രംഗത്തെത്തിയിരുന്നു. ‘വാർത്ത കണ്ട് ശങ്കൂന് ഹാപ്പിയായി, കൂട്ടുകാ​ർക്കും ഹാപ്പിയായി.. മന്തിരി ആന്റിക്കും എല്ലാരിക്കും താങ്ക്യൂൂൂ..’ -എന്നാണ് ശങ്കു പ്രതികരിച്ചത്. ഈ വർഷമാദ്യമാണ് ശങ്കുവിന്റെ ‘ബിർണാണി’ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അങ്കണവാടിയിൽ എന്തുവേണം എന്ന് അമ്മ ചോദിച്ചപ്പോഴാണ് ‘ഉപ്പുമാവ് മാറ്റീട്ട് ബിർന്നാണീം പൊരിച്ച കോയീം’ തരണം എന്ന് ശങ്കു പറഞ്ഞത്. നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്ന് അമ്മ മകനെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.

Full View

Tags:    
News Summary - DR jinto john against KP sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.