തിരുവനന്തപുരം: ഗത്യന്തരമില്ലാത്ത ഘട്ടത്തിൽ ‘പ്രഫഷണൽ സൂയിസൈഡ്’ ആണ് താൻ നടത്തിയതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി മേധാവി ഡോ. ഹാരിസ് ചിറക്കൽ. എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയിൽ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അടക്കമുള്ള അവശ്യ വസ്തുക്കൾ ഇല്ലാത്തതിനെതിരെ കഴിഞ്ഞ ദിവസം ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ തുറന്നടിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും സി.പി.എം മുഖപത്രമായ ദേശാഭിമാനിയും മന്ത്രിമാരുമടക്കം രംഗത്തുവന്നതോടെയാണ് ഡോ. ഹാരിസിന്റെ വിശദീകരണം.
'എന്റെ കരിയറും ജോലിയും ത്യജിച്ച് അത്രയും റിസ്കെടുത്താണ് ഞാൻ മുമ്പോട്ട് വന്നത്. ആരും മുമ്പോട്ട് വരില്ല. ഒരുപക്ഷെ, ഇനി എനിക്ക് ഇങ്ങനെ വരാൻ കഴിയില്ല. ഞാനില്ലാതാകുന്നു എന്ന് വിചാരിച്ച് പ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല. അത് പരിഹരിക്കാൻ എന്തായാലും നടപടികളുണ്ടാകണം. ഞാൻ ഒരിക്കൽപോലും മന്ത്രിസഭയേയോ ആരോഗ്യവകുപ്പ് മന്ത്രിയേയോ വകുപ്പിനേയോ കുറ്റപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. ബ്യൂറോക്രസിക്ക് പ്രശ്നങ്ങളുണ്ട്.
രണ്ട് മാസമാണ് കലക്ടറേറ്റിൽ ഫയൽ മുടങ്ങിക്കിടന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഫയലുകൾ എങ്ങനെയാണ് രണ്ടുമാസം മുടങ്ങിക്കിടക്കുക. പ്രശ്നം ഉണ്ടായ അതേരാത്രിയിൽതന്നെ പ്രശ്നം പരിഹരിച്ചു. ഒറ്റ ദിവസംകൊണ്ട് ഹൈദരാബാദ് വരെ പോയത് എങ്ങനെയാണ്? മറ്റു ഉപകരണങ്ങളും കഴിഞ്ഞ ദിവസം എത്തി. മാസങ്ങളും വർഷങ്ങളുമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒറ്റ ദിവസംകൊണ്ട് ശരിയാകുന്നത്?
ഉപകരണത്തിന്റെ അഭാവം കഴിഞ്ഞദിവസംതന്നെ പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇന്നോ നാളെയോ അവരെ ഡിസ്ചാർജ് ചെയ്യാൻ പറ്റും. ഉപകരണങ്ങളുടെ ക്ഷാമം നിലവിൽ ഉണ്ട്. വിദഗ്ധ സമിതിയോട് തെളിവുകളോടെ തന്നെ സൂചിപ്പിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. അതൊക്കെ നടപ്പിലാകണം. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. ഇതെന്റെ 'പ്രഫഷണൽ സൂയിസൈഡ്' ആണ്. എല്ലാ മാർഗങ്ങളും കൊട്ടിയടക്കപ്പെട്ടു, എല്ലാം പരാജയപ്പെട്ടപ്പോഴാണ് ഞാൻ അതിലേക്ക് പോയത്. ശിക്ഷാ നടപടികൾ വരുമെന്ന് ഉറപ്പുണ്ട്. ആരെങ്കിലും എതിർക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ഒരാൾ പോലും എതിർത്തില്ല. ജനങ്ങളും ഇടതുപക്ഷപാർട്ടികളുൾപ്പെടെയുള്ളവർ പിന്തുണച്ചു’ -അദ്ദേഹം പറഞ്ഞു.
‘ഞാൻ ചൂണ്ടിക്കാണിച്ചത് എന്താണോ അത് പരിഹരിക്കുക. അല്ലാതെ ആരോഗ്യവകുപ്പിനെ മോശക്കാമാക്കി കാണിക്കുകയോ പ്രതിഷേധപ്രവർത്തനങ്ങൾ നടത്തുകയോ ജനങ്ങളുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ഒന്നും ചെയ്യരുത്. അതൊക്കെ ചെയ്താൽ ഞാൻ തെറ്റിദ്ധരിക്കപ്പെടും. ദയവ് ചെയ്ത് അതിൽനിന്ന് പിന്മാറണം. മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോൾ ആരോഗ്യമേഖലയ്ക്ക് ഇടിച്ചിൽ ഉണ്ടാകും. എന്നാൽ, അത് പരിഹരിച്ചാൽ ആരോഗ്യമേഖലയുടെ വളർച്ച ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വേഗത്തിലായിരിക്കും’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.