'വിജയിക്കുന്നത് ഉമ തോമസാണ്, തോൽക്കുന്നത് ഡോ. ജോ ജോസഫല്ല'

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഉമ തോമസാണെങ്കിലും തോല്‍ക്കുന്നത് ഡോ. ജോ ജോസഫല്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയാണ് ഉമ തോമസിന് ഈ ഉജ്ജ്വല വിജയം സമ്മാനിച്ചത്. സ്വപ്നം കാണാത്ത ഭൂരിപക്ഷം അവര്‍ക്കു സമ്മാനിച്ചത് ഭരിക്കുന്നവരുടെ ധാര്‍ഷ്ട്യത്തോടു പൊറുക്കില്ലെന്ന ജനങ്ങളുടെ നിശ്ചയമാണ് -ഡോ. ആസാദ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഡോ. ആസാദിന്‍റെ കുറിപ്പ് വായിക്കാം...

വിജയിക്കുന്നത് ഉമ തോമസാണ്. തോല്‍ക്കുന്നത് ഡോ. ജോ ജോസഫല്ല.

സാധാരണപോലെ നടന്നുപോകുമായിരുന്ന ഒരു ഉപതെരഞ്ഞെടുപ്പിന് അമിതപ്രാധാന്യം നല്‍കി സര്‍ക്കാര്‍മേളയാക്കിയത് കടുത്ത പരാജയം ക്ഷണിച്ചുവരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും അവരുടെ പേഴ്സണല്‍ സ്റ്റാഫും ഭരണ ആസ്ഥാനം തന്നെ തൃക്കാക്കരയിലേക്ക് മാറ്റിയിരുന്നു. കെ-റെയിലിന്, സില്‍വര്‍ലൈനിന്, മഞ്ഞക്കുറ്റിക്ക്, വികസന അജണ്ടയ്ക്ക് വോട്ടു കിട്ടുമെന്നായിരുന്നു അവകാശവാദം.

തൃക്കാക്കരയില്‍ ജനങ്ങള്‍ വോട്ടു ചെയ്തത് ഉമയെ ജയിപ്പിക്കാന്‍ എന്നതിലുപരി സര്‍ക്കാറിനു താക്കീതു നല്‍കാനായിരുന്നു എന്നു വ്യക്തമാണ്. സര്‍ക്കാറും സി.പി.എമ്മും എല്‍.ഡി.എഫും വീണ്ടുവിചാരത്തിനു തയ്യാറാവണം. അധികാരത്തിന്റെ സകല സൗകര്യങ്ങളും ഉപയോഗിച്ചിട്ടും ജനങ്ങളെ വരുതിയില്‍ കൊണ്ടുവരാനായില്ല. ഒപ്പം നിന്നവര്‍പോലും വോട്ടു മാറ്റി ചെയ്തിരിക്കുമെന്ന് സംശയിപ്പിക്കുന്നുണ്ട് ലീഡ്നില. ഈ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ്. തോല്‍വി മുഖ്യമന്ത്രി ഏറ്റെടുക്കണം. ഭരണത്തിലുള്ള ജനങ്ങളുടെ പ്രതികരണമാണെന്ന് തിരിച്ചറിയണം.

മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയാണ് ഉമ തോമസിന് ഈ ഉജ്ജ്വല വിജയം സമ്മാനിച്ചത്. സ്വപ്നം കാണാത്ത ഭൂരിപക്ഷം അവര്‍ക്കു സമ്മാനിച്ചത് ഭരിക്കുന്നവരുടെ ധാര്‍ഷ്ട്യത്തോടു പൊറുക്കില്ലെന്ന ജനങ്ങളുടെ നിശ്ചയമാണ്. ജനസമ്മതി എന്തും ചെയ്യാനുള്ള സമ്മതപത്രമല്ലെന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തുകയാണ്. 

Tags:    
News Summary - Dr asad facebook post on thrikkakara by election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.