ഡോക്ടർമാർ 17ന് ഒ.പി നിർത്തി പണിമുടക്കും

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടര്‍മാരും 17ന് ഔട്ട് പേഷ്യന്‍റ് വിഭാഗം മുടക്കി പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ചികിത്സയില്‍നിന്ന് മാറിനില്‍ക്കുന്നതെന്നും സ്വകാര്യ പ്രാക്ടീസും നിർത്തിവെക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു, അത്യാഹിത വിഭാഗം എന്നിവയെ സമരം ബാധിക്കില്ല.

ആശുപത്രി ആക്രമണങ്ങള്‍ തടയണമെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടും സംസ്ഥാനത്ത് ഇത് പാലിക്കപ്പെടുന്നില്ല. മൂന്ന് വര്‍ഷത്തിനിടെ 200ഓളം അക്രമസംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സര്‍ക്കാറില്‍നിന്ന് ഉണ്ടാകണം. ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് നടക്കുന്ന ചികിത്സ ക്യാമ്പുകളെയും സമരം ബാധിക്കില്ല.

തീപിടിത്തമുണ്ടായപ്പോൾതന്നെ ഐ.എം.എയുടെ നേതൃത്വത്തിൽ സർക്കാറുമായും മറ്റു ആശുപത്രികളുമായും സഹകരിച്ച് ചികിത്സ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍, കൊച്ചി പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, ഡോ. സാബു പോള്‍, ഡോ. അനീഷ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Doctors will stop OP on 17th and go on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.