തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഒ.പി ബഹിഷ്കരിച്ച് ഒരുവിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. സമരം തുടരുന്നതിനാല്‍ ശനിയാഴ്ച മിക്ക ആശുപത്രികളിലും രോഗികളുടെ തിരക്ക് കുറവായിരുന്നു. ഒ.പി പ്രവര്‍ത്തനം ഭാഗികമായി മാത്രമേ നടന്നുള്ളൂ. അത്യാഹിത വിഭാഗം പൂര്‍ണമായി പ്രവര്‍ത്തിച്ചു. ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സമരത്തിൽ പെങ്കടുക്കുന്ന ഡോക്ടർമാർ ഒപ്പിടാതെ പുറത്ത് ഒ.പി പ്രവർത്തിപ്പിച്ചു. അതേസമയം, ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറായിട്ടില്ല.
സമരം ശക്തമാക്കുമെന്ന നിലപാടിൽ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ഉറച്ചുനിൽക്കുകയാണ്. സംസ്ഥാനത്ത് ശനിയാഴ്ച 4300 ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുത്തതായി കെ.ജി.എം.ഒ.എ അവകാശപ്പെട്ടു. സമരം ആര്‍ദ്രം പദ്ധതിക്കോ വൈകീട്ട് ഒ.പി തുടങ്ങുന്നതിനോ എതിരല്ലെന്നും മറിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുവേണ്ടിയാണെന്നും സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എ. റൗഫ് അറിയിച്ചു.
സംഘടന ചര്‍ച്ചക്ക് തയാറാണെങ്കിലും സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കിടത്തിച്ചികിത്സ ഘട്ടംഘട്ടമായി നിര്‍ത്തിവെക്കും. ഏതെങ്കിലും ഡോക്ടര്‍ക്ക് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്കിയാല് സര്‍വിസിലുള്ള മുഴുവന്‍ കെ.ജി.എം.ഒ.എ അംഗങ്ങളും രാജിക്കത്ത് സമർപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കും. രേഖകളില്‍ ഇല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സമരത്തിലേക്ക് നയിച്ച കാരണങ്ങളില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സമരം തീർപ്പാക്കാൻ തയാറാവണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.