തലയിൽ ആഴത്തിലുള്ള മുറിവുകൾ, സോപ്പിട്ട് കഴുകാൻ വൈകി, വൈറസ് അതിവേഗം തലച്ചോറിലേക്ക് ബാധിച്ചു; പേ വിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ചതിനെ കുറിച്ച് ഡോക്ടർമാർ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ അഞ്ചര വയസുകാരി ​പേവിഷ ബാധയേറ്റ് മരിച്ചതിൽ വിശദീകരണവുമായി കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസയാണ് ​പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് ആദ്യം നന്നായി കഴുകണം. അങ്ങനെ ചെയ്താൽ ശരീരത്തിലെത്തുന്ന വൈറസുകളുടെ എണ്ണം കുറക്കാൻ സാധിക്കും. എന്നാൽ കുട്ടിയുടെ മുറിവ് വീട്ടിൽ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മുറിവ് കഴുകിയത്. കുട്ടിക്ക് വാക്സിൻ ഐ.ഡി.ആർ.വി വാക്സിൻ നൽകിയെങ്കിലും വൈറസ് വ്യാപനം തടയാനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകിയിരുന്നില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

13 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. തലയിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമായിരുന്നു മറ്റ് മുറിവുകൾ. തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് പ്രതിരോധ വാക്സിൻ ഫലം ചെയ്യാതിരിക്കാൻ കാരണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

മുറിവ് ആഴത്തിലുള്ളതായതിനാൽ കുട്ടിയെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് ഇ.ആർ.ഐ.ജി നൽകിയത്.

Tags:    
News Summary - Doctors discuss death of five year old girl due to rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.