കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ. പിണറായി സ്വദേശിയായ ഡോ. രാഹുൽ രാജിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ആംബുലൻസിന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന ഡ്രൈവർ ശരത്ത് നെല്ലൂന്നിയുടെ പരാതിയിലാണ് കേസെടുത്തത്. കാറുമടക്ക് തലശ്ശേരി ജോ.ആർ.ടി.ഒ 5000രൂപ പിഴയുമിട്ടു.
ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. ആംബുലൻസിന്റെ ശബ്ദം കേട്ടില്ലെന്നും മനപ്പൂർവം ഒന്നും ചെയ്തില്ലെന്നും ഡോക്ടർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കളറോഡിലെ ടി.പി. ഹൗസിൽ റുഖിയയെ (70) തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. എരഞ്ഞോളി നായനാർ റോഡിൽ വെച്ചാണ് കാർ ആംബുലൻസിനു മുന്നിൽ വഴിമുടക്കിയത്. പല തവണ സൈറൺ മുഴക്കിയിട്ടും കാർ സൈഡ് നൽകിയില്ലെന്നാണ് ഡ്രൈവർ പരാതിപ്പെട്ടത്. ആംബുലൻസിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ ഈ ദൃശ്യങ്ങൾ പതിയുകയും ചെയ്തു.
അമ്മ പെയിൻ പാലിയേറ്റിവ് ആംബുലന്‍സ് ഡ്രൈവറായ ശരത് സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ജോ. ആർ.ടി.ഒക്കും കതിരൂർ പൊലീസിലുമാണ് പരാതി നൽകിയത്. അരകിലോമീറ്ററിലേറെ കാർ വഴിമുടക്കിയെന്നാണ് പരാതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.